ഫയല്‍ തീര്‍പ്പാക്കാന്‍ അടിയന്തര നടപടി:
ജില്ലയില്‍ എല്ലാ വകുപ്പുകളിലും ഫയല്‍ വര്‍ക്ക്‌ഷോപ്പ്

കണ്ണൂർ:കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ ബാക്കിയായ ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജില്ലയില്‍ ഫയല്‍ വര്‍ക്ക് ഷോപ്പ് ആരംഭിക്കുന്നു. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും കുടിശ്ശിക തീര്‍ക്കുന്നതിനുമായാണ് ഇത്. ജില്ലയിലെ എല്ലാ വകുപ്പുകളിലും ഫയല്‍ വര്‍ക്കഷോപ്പ് നടത്തും. ഓരോ വകുപ്പിന് കീഴിലുമുള്ള ഓഫീസുകളില്‍ നടപടികള്‍ ബാക്കിയുളള ഫയലുകള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശം നല്‍കി. ജില്ലയിലെ പ്രധാന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ആരംഭിച്ച പ്രതിവാര അവലോകന യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഈ നിര്‍ദേശം നല്‍കിയത്.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ വന്നതോടെ ഓഫീസുകള്‍ ദീര്‍ഘനാളുകള്‍ അടച്ചിടേണ്ടിവന്നിരുന്നു. ജില്ലാ തല ഉദ്യോഗസ്ഥരില്‍ ഏറെയും കൊവിഡ് പ്രതിരോധത്തിന്റെ പ്രത്യേക ചുമതല വഹിക്കേണ്ട സ്ഥിതി ഉണ്ടായി. ഉദ്യോഗസ്ഥരില്‍ വലിയൊരു വിഭാഗത്തിനും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗാമയി പ്രവര്‍ത്തിക്കേണ്ടി വന്നു. ഓഫീസിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഈ സാഹചര്യം കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പല ഓഫീസുകളിലും ഫയലുകളിലെ നടപടികളും വിവിധ പദ്ധതി നിര്‍വഹണവും ഇത് കാരണം മന്ദീഭവിച്ചിട്ടുണ്ട്. ഈ അവസ്ഥക്ക് പരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
ഫയല്‍ വര്‍ക്ക്‌ഷോപ്പിന്റെ ഭാഗമായി ഓരോ വകുപ്പും ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് സമയക്രമം നിശ്ചയിക്കണം. ഇതിനനുസരിച്ചുള്ള തുടര്‍ നടപടികള്‍ ആസൂത്രണം ചെയ്യണം. കോടതി നടപടികളും മറ്റ് നിയമ പ്രശ്‌നങ്ങളുമില്ലാത്ത എല്ലാ ഫയലുകളും പരമാവധി വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ ഓഫീസര്‍മാര്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ അറിയിച്ചു. ഈ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഏകോപന ചുമതല എഡിഎമ്മിനായിരിക്കും.
ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലയിലെ പ്രധാന പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തി. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: