സഹപാഠികൾ നൽകിയ സ്നേഹവീട്ടിൽ രമേശിനും ശോഭയ്ക്കും ഇനി അന്തിയുറങ്ങാം

സഹപാഠികൾ നൽകിയ സ്നേഹവീട്ടിൽ രമേശിനും ശോഭയ്ക്കും ഇനി അന്തിയുറങ്ങാം. മമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥികളായ ഇരുവർക്കും സ്കൂൾ വിദ്യാർഥികളും അധ്യാപകരും ചേർന്ന് പെരളശ്ശേരി പഞ്ചായത്തിലെ കോട്ടം അങ്കണവാടിക്ക് സമീപത്താണ് സ്നേഹവീട് നിർമിച്ചുനൽകിയത്.സ്നേഹവീടിന്റെ താക്കോൽദാനം കെ.സുധാകരൻ എം.പി. നിർവഹിച്ചു. നോവലിസ്റ്റ് എൻ.പ്രഭാകരൻ വീടിന്റെ രേഖ കൈമാറി.മമ്പറം പുഴയോരത്ത് റോഡരികിലായി ടാർപോളിൻ ഷീറ്റ് പുതച്ച കൂരയിലായിരുന്നു മാതാപിതാക്കൾക്കൊപ്പം രമേശും ശോഭയും കഴിഞ്ഞിരുന്നത്. കർണാടക സ്വദേശികളും തെരുവ് സർക്കസ് കലാകാരന്മാരുമായ വാസു-ലളിത ദമ്പതിമാരുടെ നാലുമക്കളിൽ ഇളയവരായിരുന്നു ഇവർ. ഇരുവരുടെയും ദുരിതം കണ്ടറിഞ്ഞ സ്കൂൾ അധികൃതർ, വിദ്യാർഥികൾ, സ്കൂളിലെ പൂർവവിദ്യാർഥികൾ, സ്കൂളിലെ പൂർവവിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് സമാഹരിച്ച തുകകൊണ്ട് വീട് നിർമിച്ചുനൽകുകയായിരുന്നു.ആദ്യഘട്ടത്തിൽ വിദ്യാർഥികളിൽനിന്ന് സ്വരൂപിച്ച 2.10 ലക്ഷം രൂപകൊണ്ട് മൂന്നരസെന്റ് സ്ഥലം വാങ്ങി. തുടർന്ന് ആറരലക്ഷം രൂപയോളം സമാഹരിച്ച് വീടിന്റെ നിർമാണം പൂർത്തിയാക്കുകയായിരുന്നു. 477 ചതുരശ്രയടി വലുപ്പത്തിൽ നിർമിച്ച വീടിന് രണ്ട് കിടപ്പുമുറികളുണ്ട്. ഒരു ഹാൾ, അടുക്കള, ടോയ്‌ലറ്റ് എന്നിവയുമുണ്ട്. ടൈൽ പാകി മനോഹരമാക്കിയ വീടിന്റെ വയറിങ്, പ്ലംബിങ് ജോലികളും പൂർത്തിയാക്കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: