ഇരിണാവിൽ ഒരുങ്ങുന്നു തണ്ണീർപന്തൽ


ദീർഘയാത്രക്കിടയിൽ ക്ഷീണമകറ്റാൻ തണ്ണീർപന്തൽ ഒരുങ്ങുന്നു. പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് യാത്രക്കിടയിൽ വിശ്രമിക്കാൻ ഇരിണാവിലാണ് തണ്ണീർ പന്തൽ നിർമ്മിക്കുന്നത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇരുനില കെട്ടിടത്തിന്റെ നിർമാണം. ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ടേക്ക് എ ബ്രേക്ക് മാതൃകയിൽ തണ്ണീർ പന്തൽ ഒരുക്കുക. 70 ലക്ഷം രൂപ ചെലവിൽ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്. കഫെറ്റീരിയ, ഡൈനിങ്ങ് ഏരിയ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വാഷ് ഏരിയ, രണ്ട് വീതം ടോയ്‌ലറ്റ്, റെസ്റ്റോറന്റ്, ബാത് അറ്റാച്ച്ഡ് സൗകര്യം ഉള്ള വിശ്രമകേന്ദ്രം എന്നിവയാണ് ഉണ്ടാവുക. ദീർഘദൂര യാത്രക്കാർക്ക് ഈ സൗകര്യങ്ങൾ ഏറെ ആശ്വാസമാകും. കെ എസ് ടി പി റോഡിലെ അപകട സാധ്യതകൾ കുറക്കുകയും ദീർഘദൂര യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ പറയുന്നു. യാത്രക്കാർക്ക് മികച്ച ശുചിത്വ, ഭക്ഷണ സൗകര്യങ്ങൾ ഉറപ്പുവരുത്തും. അതോടൊപ്പം കഫെറ്റീരിയയുടെ നടത്തിപ്പിന് സംരംഭകർക്ക് അവസരവും നൽകും. അത്യാവശ്യ ഘട്ടത്തിൽ യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കാനും ബ്ലോക്ക് പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: