പ്രവാചകനിന്ദ: പള്ളികളിലെ പ്രഭാഷണത്തിന് പൊലീസ് നിയന്ത്രണം

കണ്ണൂര്‍: പ്രവാചകനിന്ദയിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ പള്ളികളില്‍ ജുമുഅ പ്രഭാഷണങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍ ജില്ലയിലെ മയ്യിൽ പൊലീസാണ് പ്രദേശത്തെ ഏതാനും പള്ളികള്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയത്.

പ്രവാചകനിന്ദ നടന്നതായി പറയപ്പെടുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ പള്ളികളില്‍ ജുമുഅക്ക് ശേഷം നടത്തുന്ന പ്രഭാഷണങ്ങള്‍ സാമുദായിക സൗഹാർദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ രീതിയില്‍ നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മഹല്ല് ഭാരവാഹികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്. മയ്യിൽ സ്റ്റേഷൻ ഹൗസ് ഓഫിസറാണ് നോട്ടീസിൽ ഒപ്പുവെച്ചിട്ടുള്ളത്

ജില്ലയിൽ മറ്റെവിടെയും ഇതുവരെ ഇത്തരം പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇത്തരമൊരു നിർദേശം പൊലീസിന് നൽകിയിട്ടില്ലെന്നാണ് ജില്ല പൊലീസ് അധികാരികൾ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടി. മതപരമായി, വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് പള്ളികളിലെ പ്രഭാഷണങ്ങളില്‍ ഉൾപ്പെടുത്താറുള്ളത്.

മതസൗഹാർദം തകര്‍ക്കുന്ന പ്രഭാഷണങ്ങള്‍ കേരളത്തിലെ ഒരു പള്ളിയിലും നടത്തിയതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പള്ളികളിലെ പ്രഭാഷണങ്ങള്‍ മാത്രം നിയന്ത്രിക്കാനുള്ള പൊലീസിന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ  പശ്ചാത്തലത്തിലാണ് നോട്ടീസെന്ന് എസ് ച്ച് ഒ വ്യക്തമാക്കുന്നു.സർക്കുലർ സംബന്ധിച്ച്  എസ്  എച്ച് ഒ യോട് വിശദീകരണം ചോദിച്ചതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ ആർ. ഇളങ്കോ വ്യക്തമാക്കി. ഇതോടെ തനിക്ക് പിഴവ് പറ്റിയെന്ന് വ്യക്തമാക്കി എസ് എച്ച് ഒ രംഗത്തെത്തി.നബി വിരുദ്ധ പരാമർശ വിവാദ സമയത്ത് ജില്ലയിൽ ഇമാം കൗൺസിലിന്റെ പ്രതിഷേധം ഉണ്ടായിരുന്നു.മറ്റ് പ്രശ്നങ്ങളുണ്ടാകാതെ നോക്കണം എന്ന കമ്മീഷണറുടെ മുന്നറിയിപ്പ് കിട്ടി.മഹല്ല് കമ്മറ്റികൾക്ക് വാക്കാൽ നിർദ്ദേശം നൽകാനായിരുന്നു കമ്മീഷണർ അറിയിച്ചത്.എന്നാല്‍ നോട്ടീസ് നല്‍കിയത് ശരിയായില്ലെന്നും എസ്എച്ച്ഓ വിശദീകരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: