കർഷകനെ ദ്രോഹിക്കുന്ന എത്ര വലിയ ഉദ്യോഗസ്ഥനായാലും അവരെ നിലയ്ക്ക് നിർത്തും- ആർച്ചബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

ഇരിട്ടി: പരിസ്ഥിതി ലോല നിയമത്തിന്റെ പേരിൽ കർഷകന്റെ ഒരു സെന്റ് ഭൂമിയെങ്കിലും കൈവശപ്പെടുത്താമെന്ന തോന്നൽ ആർക്കും വേണ്ടെന്നും ജീവൻകൊടുത്തും കർഷക താല്പര്യം സംരക്ഷിക്കുമെന്നും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ബഫർസോൺപ്രഖ്യാപനത്തിനെതിരെ ഇരിട്ടിയിൽ നടന്ന സർവ്വ കക്ഷി കർമ്മസമിതി കൂട്ടായ്മ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ചില വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിചാരം തങ്ങൾ പ്രധാനമന്ത്രിക്കും മുകളിൽ ആണെന്നാണെന്നാണ്. കർഷക ജനതയെ ദ്രോഹിക്കുന്ന ഇത്തരക്കാരെ നിലയ്ക്കു നിർത്താനറിയാം. അഞ്ചക്ക ശബളം പറ്റുന്നവർക്ക് കർഷകന്റെ രോദനം അറിയില്ല. വന്യമൃഗങ്ങളെ വനത്തിനുള്ളിൽ നിർത്തേണ്ടത് വനം വകുപ്പിന്റെ ഉത്തരവാദിത്വമാണ്. കൃഷിഭൂമിയിലിറക്കുന്ന വന്യമൃഗങ്ങളെ
ഇല്ലാതാക്കേണ്ടത് കർഷകന്റെ ജീവൽ പ്രശ്‌നമാണ്. നിരവധി പാവങ്ങൾക്കാണ് വന്യമൃഗങ്ങളുടെ അക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. നാട്ടിലിറങ്ങി വന്യമൃഗങ്ങൾ ആളുകളെ കൊന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കെലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെയും വനം പരിസ്ഥിതി മന്ത്രിയേയും മുഖ്യമന്ത്രിയേയും കണ്ടപ്പോൾ തങ്ങൾ കർഷകർക്ക് ഒപ്പം ആണെന്നാണ് പറഞ്ഞത്. എന്നാൽ ഇതിനു വിരുദ്ധം ആണ് വനം ഉദ്യോഗസ്ഥരുടെ നിലപാട്. കേരള വനംമേധാവി ബെന്നിച്ചൻ തോമസ് കർഷകരെ അപമാനിച്ചിരിക്കുകയാണ്. ഒരു കിലോമീറ്റർ ബഫർസോൺ കൊണ്ട് ഒരു പ്രശ്‌നവും ഇല്ലന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ലേഖനം പിൻവലിക്കുക മാത്രം അല്ല കർഷക ജനതയോടു അദ്ദേഹം മാപ്പും പറയണം.
സുപ്രീംകോടതിയിൽ കേസ് നടത്തിപ്പിന് ചുമതലപെട്ടവർ കാർബൺ ഫണ്ട് കണ്ട് കണ്ണ് മഞ്ഞളിച്ചതാണ് കേരളത്തിലെ കർഷകർക്ക് പ്രതികൂല വിധി ഉണ്ടാവാൻ കാരണം. അതിനാൽ മുഖ്യമന്ത്രി പറഞ്ഞ റിവ്യൂഹർജി ഉടൻ നൽകുകയും കാർബൺ ഫണ്ട് കണ്ടാൽ കണ്ണ് മഞ്ഞളിക്കാത്ത അഭിഭാഷകരെ കേസ് എൽപ്പിക്കകയും ചെയ്യണം. കുടിയേറ്റ ജനത സമരവുമായി രംഗത്ത് ഇറങ്ങിയാൽ ലക്ഷ്യം സാധിച്ചിട്ടു തിരിച്ചു കയറിയ ചരിത്രമേ ഉള്ളൂവെന്നും ആർച്ച് ബിഷപ് പറഞ്ഞു.
കേരളത്തിലെ ഒരാളുടെയും ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും കർഷക ജനതയ്ക്ക് ഒപ്പം ഉണ്ടാകുമെന്നും പി.സന്തോഷ്‌കുമാർ എം.പി പറഞ്ഞു. സംസഥാന സർക്കാറിന്റെ വാദങ്ങളൊന്നും പരിശോധിക്കാതെയാണ് വിധിയുണ്ടായത്. കേന്ദ്ര സർക്കാർ ചില പ്രദേശങ്ങളുടെ താല്പര്യങ്ങൾക്കൊപ്പം നില്ക്കുകയായിരുന്നു. കർഷകൂട്ടായ്മ്മയിലൂടെ ഏത് പ്രതിസന്ധിയേയും മറികടക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി ലോല പ്രഖ്യാനപനത്തിൽ ഉണ്ടായ കോടതി വിധിയിലൂടെ വനം വകുപ്പ് പാവപ്പെട്ടവരെ കബളിപ്പിക്കുകയാണെന്ന് കൂട്ടായ്മ്മയിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച സണ്ണിജോസഫ് എം.എൽ.എ പറഞ്ഞു. കോടതി വിധിയിൽ വൈരുധ്യം ഉണ്ട് . രാജസ്ഥാനിൽ 500 മീറ്റർ ആണ് ബഫർ സോണായി പ്രഖ്യാപിച്ചത്. കേരളത്തിൽ ഇത് ഒരു കിലോമീറ്ററായി മാറിയതിലും സ്ഥാപിത താല്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരുടേയും ആദിവാസികളുടേയും പ്രശ്‌നം വരുമ്പോൾ വളരെ ലാഘവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നതെന്ന ചടങ്ങിൽ സംസാരിച്ച സജീവ് ജോസഫ് എം എൽ എ പറഞ്ഞു. ഒറ്റക്കെട്ടായി നിന്ന് പ്രതിസന്ധി പരിഹരിക്കാൻ കർഷകർ്‌ക്കൊപ്പം എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇരിട്ടി പാലത്തിനു സമീപത്തുനിന്നും ആരംഭിച്ച റാലിയിൽ മലയോര മേഖലയിലെ ആയിരത്തിലേറെ പീര് പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: