നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു

കണ്ണൂർ: മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ അഴീക്കോട് പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ 80 കിലോ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വൻകുളത്തുവയൽ, പൂതപ്പാറ, മൂന്നുനിരത്ത് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
പ്ലാസ്റ്റിക് ക്യാരി ബാഗ്, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, പേപ്പർ പ്ലേറ്റ്, പേപ്പർ കപ്പ്, പേപ്പർ ഇല, പ്ലാസ്റ്റിക് ടേബിൾഷീറ്റ് തുടങ്ങിയവയാണ് പിടികൂടിയത്. മലിനീകരണ നിയന്ത്രണ ബോർഡ് അസി. എൻജിനിയർ ബി. രാജേഷ്, അഴീക്കോട് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഇ. രാജേന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ, അഫ്നിദ, ക്ലർക്ക് സെമീറ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്ക് പിഴയടയ്ക്കാൻ നോട്ടീസ് കൊടുത്തു.
നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ വരുംദിവസങ്ങളിൽ കർശന പരിശോധന നടത്തുന്നതാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.