നിപയുടെ ഉറവിടം ഉടനറിയാം ; പൂനെയില്‍ പരിശോധന തുടങ്ങി

നിപ വൈറസ് ബാധയെ തുടര്‍ന്ന് പിടികൂടിയ വവ്വാലുകളുടെ സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(എന്‍ഐവി)യില്‍ പരിശോധിക്കാന്‍ ആരംഭിച്ചു. വൈറസ് ബാധയില്‍ നിന്ന് കേരളം സുരക്ഷിതമാണെന്നും തീവ്രനിരീക്ഷണം ഇനി ആവശ്യമില്ലെന്നും എന്‍ഐവി മേധാവി ഡോക്ടര്‍ ദേവേന്ദ്ര മൗര്യ അറിയിച്ചു.നിപയ്‌ക്കെതിരെ ബോധവല്‍ക്കരണം തുടരണം. വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതിലൂടെ നിപയുടെ ഉറവിടം കണ്ടെത്താനാകും. പത്ത് ദിവസത്തിനകം ഈ പരിശോധനാ ഫലം ലഭിക്കുമെന്നും ദേവേന്ദ്ര മൗര്യ അറിയിച്ചു. നിപയെക്കുറിച്ചുള്ള ആശങ്ക കേരളത്തില്‍ നിന്നും പൂര്‍ണമായും അകന്നുവെന്നാണ് മൗര്യ പറയുന്നത്. വൈറസ് ബാധ ഇനിയും ഉണ്ടാകില്ലെന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ല. വൈറസ് പടര്‍ത്തുന്ന പഴം തീനി വവ്വാലുകളുടെ സാന്നിധ്യം എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. തുടര്‍ച്ചയായ ബോധവല്‍ക്കരണം മാത്രമാണ് നിപ തടയാന്‍ ഇനി ആവശ്യം.പക്ഷികളോ അണ്ണാനോ വവ്വാലോ കടിച്ച പഴങ്ങളൊന്നും കഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും അത്യാധുനിക വൈറോളജി ലാബുകള്‍ വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. വൈറസ് ബാധ എത്ര വേഗം കണ്ടെത്തുന്നോ അത്രയും വേഗം രോഗപ്പകര്‍ച്ച തടയാം. ഇതിന് എന്‍ഐവിയുടെ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.21 ദിവസത്തിനിടെ പരിശോധിച്ച മുപ്പതോളം സാമ്പിളുകളില്‍ ഒരു കേസ് പോലും പോസിറ്റീവ് ആയില്ലെന്നും അദ്ദേഹം അറിയിച്ചു. വൈറസ് ബാധിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആര്‍ക്കും രോഗമില്ലെന്നത് ആശ്വാസകരമാണെന്നും എന്‍ഐവി ഡയറക്ടര്‍ വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: