സിഐ നവാസിനെ തമിഴ്‌നാട് കരൂരില്‍ നിന്നും കണ്ടെത്തി

കാണാതായ എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ്. നവാസിനെ കണ്ടെത്തി. റെയില്‍വേ പോലീസാണ് തമിഴ്‌നാട്ടിലെ കരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ പുലര്‍ച്ചെ മൂന്നു മണിയോടെ അദ്ദേഹത്തെ കണ്ടെത്തിയത്. രാമേശ്വരത്തേക്ക് പോവുകയായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നവാസ് ബന്ധുവുമായി ഫോണില്‍ സംസാരിച്ചു. തമിഴ്‌നാട്ടിലെത്തിയ കേരള പോലീസ് സംഘത്തോടൊപ്പം അദ്ദേഹം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് നവാസിനെ കാണാതായത്. ബുധനാഴ്ച രാത്രി ഇദ്ദേഹം മേലുദ്യോഗസ്ഥനായ അസിസ്റ്റന്‍റ് കമ്മിഷണര്‍ പി.എസ് സുരേഷുമായി വയര്‍ലെസില്‍ രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ ഡ്രൈവര്‍, അസിസ്റ്റന്‍റ് തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശിനിയെ നവാസ് അറസ്റ്റുചെയ്തിരുന്നു. ഇത് എ.സി.പി.യെ അറിയിക്കാത്തതിനെച്ചൊല്ലിയായിരുന്നു വാക്കേറ്റം. പിറ്റേന്ന് രാവിലെയാണ് അദ്ദേഹത്തെ കാണാതായത്.
നവാസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പരാതി നല്‍കിയിരുന്നു. തന്‍റെ ഭര്‍ത്താവിനെ മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: