കണ്ണൂർ ജില്ലയിൽ മഴ ശക്തം: 21 വീടുകൾ ഭാഗികമായി തകർന്നു.വിവിധയിടങ്ങളിലായി 53.2 ഹെക്ടർ കൃഷി നാശം

 

കണ്ണൂർ :ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വൻ നാശം. 21 വീടുകൾ ഭാഗികമായും ഒരു കിണർ പൂർണമായും തകർന്നു. തലശേരി താലൂക്കിൽ 11 വീടുകളും തളിപ്പറമ്പ താലൂക്കിൽ 9 വീടുകളും ഇരിട്ടി താലൂക്കിൽ ഒരുവീടുമാണ് ഭാഗികമായി തകർന്നത്. തലശ്ശേരി താലൂക്കിലെ കോടിയേരി മുബാറക് ഹയർ സെക്കണ്ടറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. മഴ ശക്തമായതിനെ തുടർന്ന് ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു. ഇരിട്ടി O4902494910, തളിപ്പറമ്പ് O4602202569 എന്നിവയാണ് കൺട്രോൾ റൂം നമ്പറുകൾ. ജില്ലയിൽ 53.2 ഹെക്ടർ കൃഷി നാശമുണ്ടായി. പലയിടങ്ങളിലും കടൽ കയറി. നിരവധി പേരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.

നാറാത്ത്: ജില്ലയിൽ കനത്ത മഴ തുടരവേ നാറാത്ത് പഞ്ചായത്തിലെ മൂന്നാം വാർഡായ ഓണപ്പറമ്പിൽ വീട് തകർന്ന് വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓണപ്പറമ്പിലെ കുന്നുംപുറത്ത് ഹൗസിൽ കെ.പി ഷിജുവിന്റെ വീടാണ് തകർന്നത്. മേൽക്കൂര പൂർണ്ണമായും ചുവരുകൾ ഭാഗികമായും തകർന്ന നിലയിലാണ്. സംഭവ സമയം വീടിനുള്ളിൽ ആളുണ്ടായിരുന്നുവെങ്കിലും തലനാരിഴയ്ക്ക് വലിയ അപകടം ഒഴിവായി.
സംഭവ സ്ഥലം നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, വാർഡ് മെമ്പർ ഗിരിജ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

തലശ്ശേരി താലൂക്കിൽ കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് പെട്ടിപ്പാലം കോളനി നിവാസികളെ മുബാറക് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 24 കുടുംബങ്ങളിലായി 91 പേരെയാണ് മാറ്റി താമസിപ്പിച്ചത്. ഇതിൽ 37 പുരുഷന്മാരും 54 സ്ത്രീകളും ഉൾപ്പെടുന്നു. ഇവരിൽ 12 പേർക്ക് കോവിദഃ പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവാണ്. കടൽക്ഷോഭമുണ്ടായ പെട്ടിപാലം കോളനി എ എൻ ഷംസീർ എം എൽ എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും, റവന്യൂ ഉദ്യോഗസ്ഥരും സന്ദർശിച്ചു.
കടലാക്രമണം രൂക്ഷമായ ന്യൂ മാഹി, തലശ്ശേരി, തിരുവങ്ങാട് വില്ലേജുകളിലെ 11 കുടുംബങ്ങളെയും ബന്ധു വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.  ന്യൂമാഹിയിലെ ആറു കുടുംബത്തെയും തലശ്ശേരിയിലെ രണ്ടു കുടുംബത്തെയും തിരുവങ്ങാട് മൂന്ന് കുടുംബങ്ങളേയുമാണ് മാറ്റിപ്പാർപ്പിച്ചത്. കനത്ത മഴയെ തുടർന്ന് ചെരുവാഞ്ചേരി, എരഞ്ഞോളി, ധർമ്മടം, പാടുവിലായി, പാനൂർ, പാട്യം, പെരിങ്ങളം, പെരിങ്ങത്തൂർ, പുത്തൂർ, തലശ്ശേരി പ്രദേശങ്ങളിൽ ഉൾപ്പെട്ട 11 വീടുകൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ ഉണ്ടായി. പാനൂർ കൈവേലിക്കൽ ശ്രീനാരായണ മഠത്തിനു സമീപം മരുന്നന്റവിട അച്യുതന്റെ കിണറും, കിണറിനോട് ചേർന്നുള്ള കുളിമുറിയും ഭൂമിക്കടിയിലേക്ക് താഴ്ന്നു.
തലായിയിൽ നിന്ന് കടലിൽ പോയ മൂന്ന് മത്സ്യ ബന്ധന തൊഴിലാളികളെ കോസ്റ്റൽ പൊലീസ് ശനിയാഴ്ച രാത്രി 10.30 ഓടെ കണ്ടെത്തി കരയിലെത്തിച്ചു.
കടൽക്ഷോഭം രൂക്ഷമായതിനാൽ പയ്യന്നൂർ താലൂക്കിലെ മാടായി വില്ലേജിലെ ചൂട്ടാട് ഒരു കുടുംബത്തിലെ എട്ട് പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. കൊവിഡ് ബാധിതരായ മജീദ്, ഭാര്യ, ഉമ്മ എന്നിവരെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ആംബുലൻസിലാണ് ബന്ധുവീട്ടിലേക്ക് മാറ്റിയത്.
കുഞ്ഞിമംഗലം പുതിയ പുഴക്കരയിലെ എം യശോദയുടെ ഓടുമേഞ്ഞ വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണു. കടൽക്ഷോഭം മുന്നിൽക്കണ്ട് രാമന്തളിയിലെ എം ടി കെ ഖാദിമിൻ്റെ കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.
എരമം നോർത്തിലെ പത്മാക്ഷിയുടെ വീടിനു മുകളിൽ കവുങ്ങ് പൊട്ടിവീണ് ഭാഗികമായ നാശനഷ്ടം ഉണ്ടായി. അയ്യായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. മരം പൊട്ടിവീണ് കോറോം വടക്കെ പുരയിൽ കാർത്യായനിയുടെ വീടിന് പതിനയ്യായിരത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചു. കരിവെള്ളൂർ കുണിയൻ കിഴക്കെ പുരയിൽ കല്യാണിയുടെ വീടിൻ്റെ ചുമർ പൂർണമായും തകർന്നു.
ഏഴോം വില്ലേജിലെ അടുത്തിലയിൽ കാരക്കീൽ ഉണ്ണിയുടെ വീട്ടിനു മുകളിൽ മരം പൊട്ടിവീണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചു.
ചെറുതാഴം വില്ലേജിൽ വിളയാങ്കോട് പെരിയാട്ട് പുതിവീട് ശ്രീരാഗിൻ്റെ പറമ്പിലെ മതിൽ ഇടിഞ്ഞു.

പയ്യന്നൂർ താലൂക്കിൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെയാണ് ബന്ധുവീടുകളിലേക്ക് സുരക്ഷിതമായി മാറ്റിയിട്ടുള്ളത്. ഇതുവരെ ദുരിതാശ്വസ ക്യാമ്പുകൾ തുറന്നിട്ടില്ല. പ്രശ്നബാധിത പ്രദേശങ്ങൾ തഹസിൽദാരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
ശക്തമായ മഴയിൽ പയ്യന്നൂർ ഗവ: എൽ.പി.സ്കൂളിന്റെ (തപാൽ സ്കൂൾ) മതിൽ ഇടിഞ്ഞു. നഗരസഭ ചെയർ പേഴ്സൺ കെ.വി.ലളിത, മറ്റു ജനപ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ചു.

മാടായി മാട്ടൂൽ പഞ്ചായത്തുകളിൽ കടലാക്രമണം രൂക്ഷമായി.വെള്ളിയാഴ്ച ഉച്ചയോടെയാണ് കലാക്രമണം ഉണ്ടായത് .പുതിയങ്ങാടി പൂട്ടാട്, നീരൊഴുക്കും ചാൽ, കക്കാടൻ ചാൽ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കടലാക്രമണം രൂക്ഷമാണ്. കക്കാടഞ്ചാൽ പ്രദേശത്ത് തെങ്ങ് കടപുഴകി വീണു. തീരദേശ മേഖലയിൽ കടൽഭിത്തി തകർത്ത് റോഡിലേക്ക് വെള്ളം കയറി, തീരദേശ മേഖലയിലെ റോഡുകളും തകർന്നു. രാമന്തളി പാലക്കോട് വലിയ കടപ്പുറത്ത് എൻപത് മീറ്ററിലധികം കരയിലേക്ക് കടൽ കയറി. തീരദേശ മേഖലയിൽ താമസിക്കുന്നവർ അതീവ ജാഗ്രതാ നിർദേശവുമായി പഴയങ്ങാടി പോലീസ് അനൗൺസ്മെൻ്റ് നടത്തി.
പയ്യന്നൂർ നഗരസഭ കാനായി മീൻകുഴി അണക്കെട്ടിന്റെ ഷട്ടർ തുറന്നു. ശക്തമായ മഴയിൽ പുഴയിലെ വെള്ളം കരകവിഞ്ഞൊഴുകി പ്രദേശങ്ങളിലെക്ക് വെള്ളം കയറിയതിനെ തുടർന്നാണിത്

കണ്ണൂർ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വീട്ടുമതിൽ തകർന്നു നാശനഷ്ടം ഉണ്ടായി. കടമ്പൂർ പഞ്ചായത്തിൽ എടക്കാട് റെയിൽവേ ഗേറ്റിനു സമീപം രണ്ട് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ കടമ്പൂർ പെർഫെക്ട് സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു. കണ്ണൂർ ടൗൺ ഹയർ സെക്കന്ററി സ്കൂളിന് സമീപം പ്രകാശൻ എന്നയാളുടെ വീട്ടു മതിൽ തകർന്നു വീണ്ടും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. എടക്കാട് കുറുവ ബാങ്കിന് സമീപം റൗലാബിയുടെ വീട്ടു മതിൽ തകർന്നു. ചെറുകുന്നിൽ പത്താം വാർഡിലെ ഇടുമ്പത്തറിയൻ മാധവൻ്റെ വീട്ടു വരാന്തയിലേക്ക് തെങ്ങ് കടപ്പുഴകി വീണ് വീട് ഭാഗികമായി തകർന്നു. ചേലോറയിൽ തിലാനൂർ വൈദ്യർ കണ്ടിക്ക് സമീപം സോന -അനൂപ് ദമ്പതികളുടെ വീടിന്റെ മതിൽ തകർന്നു വീടിനു നാശനഷ്ടം സംഭവിച്ചു. കൂടാളി ചക്കരക്കൽ റോഡിൽ കണ്ണൻകുന്നിൽ വീട്ട് മതിൽ തകർന്നു പുതുതായി പണിയുന്ന വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. പയ്യാമ്പലം, മൈതാനപ്പള്ളി , അഴീക്കൽചാൽ എന്നിവിടങ്ങളിലും കടലേറ്റം രൂക്ഷമായി.

തളിപറമ്പ് താലൂക്കിലെ ശ്രീകണ്ഠാപുരം വില്ലേജിലെ ചെരിക്കോട് എന്ന സ്ഥലത്ത് കോടി വീട്ടിൽ ശശിധരന്റെ വീട് തകർന്ന് അപകട ഭീഷണി നേരിടുന്നതിനാൽ 4 അംഗ കുടുംബത്തെ സഹോദരൻ്റെ വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു .
പുലിക്കുരുമ്പ-കുടിയാന്മല റോഡിൽ ന്യൂനടുവിൽ വില്ലേജ് പരിധിയിലെ ചപ്പാത്ത് റോഡിൽ പാലം നിർമ്മാണത്തെ തുടർന്ന് താത്കാലികമായി നിർമ്മിച്ച റോഡ് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു . ഇവിടെ കാൽനട ഗതാഗതം പുന:സ്ഥാപിചു. വാഹനഗതാഗതം വഴി മാറ്റി. കുറ്റേരി വില്ലേജിൽ വീടിനുമേൽ മരം പൊട്ടി വീണു നാശനഷ്ടമുണ്ടായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: