നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: ഭര്‍ത്താവ് ചന്ദ്രനും അമ്മയും കസ്റ്റഡിയില്‍

നെയ്യാറ്റിന്‍കര മലയില്‍ക്കടയില്‍ ഇന്നലെ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്‍റെയും ബന്ധുക്കളുടെയും നിരന്തര പീഡനത്തെ തുടര്‍ന്നാണെന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. ഭര്‍ത്താവ് ചന്ദ്രനെയും അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു.സ്ത്രീധനത്തിന്‍റെ പേരില്‍ നിരന്തരം പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ആത്മഹത്യ ചെയ്ത മുറിയുടെ ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്. ജപ്തിയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്നും ഈ കുറിപ്പില്‍ ആരോപിക്കുന്നു. തന്‍റെയും മകളുടെയും മരണത്തിന് കാരണക്കാര്‍ കൃഷ്ണമ്മ, ശാന്ത, കാശി, ചന്ദ്രന്‍ എന്നിവരാണെന്ന് മുറിയുടെ ചുമരിലെ ഒരു ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ കറുത്ത മഷി കൊണ്ട് എഴുതിയിരുന്നു. വീട്ടില്‍ മന്ത്രവാദം നടന്നിരുന്നതായും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
കിട്ടുന്ന തെളിവ് എന്താണോ അതനുസരിച്ച്‌ പോലീസ് മുന്നോട്ട് പോകുമെന്നും അനാവശ്യമായി ആരെയും അറസ്റ്റ് ചെയ്യില്ലെന്നുമാണ് പോലീസ് അറിയിച്ചത്. ആത്മഹത്യാക്കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുറിപ്പില്‍ പേര് പറയുന്ന എല്ലാവരെയും ഇതിനോടകം അറസ്റ്റ് ചെയ്ത് കഴിഞ്ഞു.ജപ്തി ഭീഷണി മൂലം ലേഖയും വൈഷ്ണവിയും കിടപ്പുമുറിയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്‌തെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കാനറ ബാങ്കിന്‍റെ നെയ്യാറ്റിന്‍കര ബ്രാഞ്ചില്‍ നിന്നും 15 വര്‍ഷം മുമ്പ് ചന്ദ്രന്‍ എടുത്ത ഭവന വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ജപ്തി നടപടി സ്വീകരിക്കുമെന്ന് ബാങ്ക് ഇവരെ അറിയിച്ചിരുന്നു. ഇന്നലെയാണ് പണം തിരിച്ചടയ്ക്കാന്‍ അനുവദിച്ചിരുന്ന അവസാന ദിവസം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: