മൈലാടും പാറ – അത്തിത്തട്ട് റോഡ് അറ്റകുറ്റപ്പണി തീർത്ത് യാത്രാ യോഗ്യമാക്കണം – ബി ജെ പി

ഇരിട്ടി : ഇരിട്ടി പേരാവൂർ റോഡിലെ മൈലാടും പാറയിൽ നിന്നും അത്തിത്തട്ടിലേക്ക് പോവുന്ന റോഡ് അറ്റകുറ്റപ്പണി തീർത്ത് സഞ്ചാര യോഗ്യമാക്കണമെന്ന് ബിജെപി പയഞ്ചേരി ബൂത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ബൂത്ത് കമ്മിറ്റി നടത്തിയ ഒപ്പു ശേഖരണവും നിവേദനവും ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലതക്ക് കൈമാറി.
അത്തിത്തട്ട് മേഖലയിലെ നൂറ് കണക്കിന് കുടുംബങ്ങൾ വിവിധ ആവശ്യക്ക് ആശ്രയിക്കുന്ന റോഡാണിത്. പൂർണ്ണമായും പൊട്ടിപ്പൊളിഞ്ഞ് ദുർഘടാവസ്ഥയിലുള്ള പ്രസ്തുത റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമായിരിക്കുകയാണ്.
ഇരിട്ടി നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കുള്ള വാഹനം ഉൾപ്പെടെ പോകുന്ന റോഡാണ് ഇത്. പ്രദേശത്തെ നിരവധി ചെങ്കൽ ക്വാറികളിലെ നൂറു കണക്കിന് ലോറികൾ ദിവസേന ഈ റോഡു മാർഗ്ഗം പോകുന്നതിനാലാണ് കാലാവധി തികയുന്നതിന് മുന്നേ പ്രസ്തുത റോഡ് താറുമാറാവാൻ കാരണം. എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി തീർത്ത് റോഡ് യാത്രാ യോഗ്യമാക്കണമെന്നും ഇരിട്ടി-പേരാവൂർ റോഡിൽ നിന്നും തലശ്ശേരി-മൈസൂർ റോഡിലേക്ക് എളുപ്പമാർഗ്ഗം എത്താനുള്ള അത്തിത്തട്ട് – പുന്നാട് റോഡ് സഞ്ചാര യോഗ്യമാക്കണമെന്നും ബൂത്ത് കമ്മിറ്റി കൈമാറിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പയഞ്ചേരി ബൂത്ത് പ്രസിഡന്റ് ദിലീപ്, നേതാക്കളായ സുധീഷ്, സന്തോഷ്, ഫെബിൻ ഷാജി, പി. പി. പ്രിജു എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: