പഞ്ചാബി നടൻ, ചെങ്കോട്ട സംഘർഷ കേസിലെ പ്രതി; ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു

പഞ്ചാബി നടനും സാമൂഹ്യ പ്രവർത്തകനുമായ ദീപ് സിദ്ദു വാഹാനപകടത്തിൽ മരിച്ചു. ദില്ലിയിലെ കെ എം പി ഹൈവേയിലാണ് അപകടം നടന്നത്. കർഷക സമരത്തിനിടയിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് ദീപ് സിദ്ദു.
ഡൽഹിയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം വരികയായിരുന്നു ദീപ് സിദ്ധു. ഹരിയാനയിലെ കുണ്ഡ്‌ലി അതിർത്തിക്കടുത്തുള്ള സോനിപത് ജില്ലയിൽ, ഹൈവേയുടെ വശത്ത് നിർത്തിയിട്ടിരുന്ന ട്രോളിയിൽ അദ്ദേഹത്തിന്റെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ദീപ് സിദ്ധുവിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സോണിപത്തിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ചെങ്കോട്ടയിൽ പതാക ഉയർത്താൻ നേതൃത്വം നൽകിയെന്നായിരുന്നു ദീപ് സിദ്ധുവിന് എതിരായ ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ചെങ്കോട്ടയില്‍ കടന്ന ദീപ് സിദ്ദുവും സംഘവും അവിടെ സിഖ് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഒളിവിലായിരുന്ന സിദ്ദുവിനെ കുടുക്കിയത്. ഒളിവിലിരുന്ന് വിദേശത്തുളള വനിതാസുഹൃത്ത് വഴി സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് അന്ന്അറസ്റ്റ് ചെയ്തത്.