പോപുലര്‍ ഫ്രണ്ട് യൂനിറ്റി മീറ്റ് ഫെബ്രുവരി 17ന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍

കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ യൂനിറ്റി മീറ്റ് സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘റിപബ്ലിക്കിനെ രക്ഷിക്കുക’ എന്ന പ്രമേയത്തില്‍ സംസ്ഥാനത്ത് 19 കേന്ദ്രങ്ങളിലാണ് യൂനിറ്റി മീറ്റ് നടത്തുന്നത്. വൈകീട്ട് 4.30ന് യൂനിഫോമിട്ട കേഡറ്റുകള്‍ അണിനിരക്കുന്ന പൊതുസമ്മേളനം നടക്കും. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന യൂനിറ്റി മീറ്റും പൊതുസമ്മേളനവും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും. പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ പി മഹ്മൂദ് അധ്യക്ഷത വഹിക്കും, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അസീസ് മാസ്റ്റര്‍ സല്യൂട്ട് സ്വീകരിക്കും. കണ്ണൂര്‍ ജില്ലാ സെക്രട്ടറി അനസ് സി സി സ്വാഗതം പറയും.
കൊവിഡ് വ്യാപന ഭീഷണി പൂര്‍ണമായും വിട്ടുപോയിട്ടില്ലാത്തതിനാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാവും പരിപാടികള്‍ നടക്കുക. അന്നേ ദിവസം രാവിലെ യൂനിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. രാജ്യത്തിന്റെ ഭരണഘടനയും അതിലെ മൂല്യങ്ങളും ഭരണകൂടം തന്നെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റിപബ്ലിക്കിനെ രക്ഷിക്കാന്‍ മുഴുവന്‍ ആളുകളും രംഗത്തുവരണം എന്നാവശ്യപ്പെട്ടാണ് പോപുലര്‍ ഫ്രണ്ട് പ്രചാരണം നടത്തുന്നത്. നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടനയും ജനാധിപത്യവും വന്‍തോതില്‍ ഭീഷണി നേരിടുകയാണ്. ഏകാധിപത്യ ഭരണത്തിലൂടെ എതിര്‍ശബ്ദങ്ങളെ വേട്ടയാടി നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം ഒരുവശത്ത് നടത്തിക്കൊണ്ടിരിക്കുന്നു. മറ്റൊരുവശത്ത് മുസ് ലിം, ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ പൗരന്മാരെ ദേശവിരുദ്ധരായി ചിത്രീകരിച്ച് ഹിന്ദുത്വ രാഷ്ട്രമെന്ന സംഘപരിവാര അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ കാറ്റില്‍പ്പറത്തി മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഭരണത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയെന്ന അജണ്ടയാണ് ആര്‍എസ്എസ്സിനുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ സ്വഭാവം പരിരക്ഷിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമുള്ള പരിശ്രമങ്ങളാണ് ഇന്ത്യ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന നമ്മളോരോരുത്തരും നടത്തേണ്ടത്. അതിനാല്‍ ഹിന്ദുത്വവാദികളുടെ വര്‍ഗീയ ഫാഷിസ്റ്റ് നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കേണ്ടത് ഈ രാജ്യത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടും ഭരണഘടനാ സ്ഥാപനങ്ങളില്‍ പോലും അധികാര ദുര്‍വിനിയോഗം നടത്തിയും ഇന്ത്യയെ തന്നെ നശിപ്പിക്കാനാണ് ഹിന്ദുത്വ ഫാഷിസം ശ്രമിക്കുന്നത്. അതിനെതിരായ ജനകീയ ജാഗ്രതയുടെയും ഐക്യപ്പെടലിന്റെയും സന്ദേശം കൂടിയാണ് യൂനിറ്റി മീറ്റിലൂടെ പോപുലര്‍ ഫ്രണ്ട് കൈമാറ്റം ചെയ്യുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ പി മഹമൂദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി
സി സി അനസ്, ജില്ലാ കമ്മിറ്റി അംഗം കെ ഫവാസ് പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: