കൊല കേസുകളിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കാസര്‍കോട്: മൂന്ന് കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചുമട്ടുതൊഴിലാളിയായ യുവാവിനെ വീട്ടുപറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അണങ്കൂര്‍ ജെ പി കോളനിയിലെ ഗോപാലകൃഷ്ണൻ- രാജി ദമ്പതികളുടെ മകൻ ജ്യോതിഷിനെയാണ് (35) ഇന്ന് രാവിലെ വീട്ടുപറമ്പിലെ പ്ലാവിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സജീവ ആര്.എസ്.എസ് പ്രവര്‍ത്തകനാണ് ജ്യോതിഷ്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ പിതാവാണ് ജ്യോതിഷിനെ തൂങ്ങിയ നിലയില്‍ ആദ്യം കണ്ടത്. ഇദ്ദേഹത്തിന്റെ നിലവിളി കേട്ട് ഓടികൂടിയ പരിസരവാസികള്‍ ഉടന്‍ കയര്‍ അഴിച്ച് മാറ്റി ജ്യോതിഷിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ. ആശ മക്കൾ റിജുവീർ, വിദ്യത്, ആ ത്രിക സഹോദരൻ വൈശാഖ്.
. തളങ്കരയിലെ സൈനുല്‍ ആബിദ്, ബങ്കരകുന്നിലെ മുഹമ്മദ് നിസ്വാന്, ചൂരി ബട്ടംപാറയിലെ റിഷാദ് എന്നിവരുടെ കൊലപാതകവും, സാബിത് വധഗൂഡാലോചന ഉള്‍പ്പെടെ എട്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജ്യോതിഷ്. 2010 ഫെബ്രുവരി ഏഴിന് കറന്തക്കാട്ട് രാജേഷ്, സഹോദരന് അജിത് എന്നിവരെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും മന്നിപ്പാടിയില്‍ ഓടോറിക്ഷയില്‍ സഞ്ചരിച്ചയാളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ ജെ.പി കോളനിയിലെ ശമീമിനേയും സുഹൃത്തിനേയും 2011 സെപ്റ്റംബര്‍ രണ്ടിന് ജാബിര്‍ എന്നയാളെയും സുഹൃത്തിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായുള്ള കേസിലും ജ്യോതിഷ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.