കാഞ്ചീരവം നാലാം വാർഷികം സി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കണ്ണൂർ: റേഡിയോ എന്ന മാധ്യമവുമായി,പ്രത്യേകിച്ച് ആകാശവാണിയുമായുള്ളത് വൈകാരികമായ ബന്ധമാണെന്നും അതിനുള്ള കാരണം തങ്ങളുടെ തലമുറ റേഡിയോ ജനറേഷനാണ് എന്നുള്ളതാണെന്നും ചെറുകഥാകൃത്തും നോവലിസ്റ്റുമായ സി.വി ബാലകൃഷ്ണൻ പറഞ്ഞു.ആകാശവാണി ശ്രോതാക്കളുടെ കലാ-സാംസ്കാരിക സംഘടനയായ കാഞ്ചീരവം കലാവേദിയുടെ നാലാമത് വാർഷികാാഘോഷ പരിപാടികളുടെ ഉദ്ഘാടനം കണ്ണൂരിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പുസ്തകങ്ങൾ
വായിച്ചുതുടങ്ങുംമുമ്പ് തന്നെ താൻ ആകാശവാണി ശ്രോതാവായിട്ടുണ്ട്.ഗ്രാമത്തിലെ വായനശാലയിൽ അന്ന് പതിവായി റേഡിയോ കേൾപ്പിക്കുമായിരുന്നു.എന്നാൽ അവിടെനിന്ന് പുസ്തകങ്ങളെടുത്ത് വായിച്ചുതുടങ്ങുന്നത് പിന്നീടാണ്.ആകാശവാണിയിലാണ് ഞാൻ ആദ്യമായി ഒരു സാഹിത്യരചന നടത്തിയത് എന്നോർക്കുന്നു.അദ്ദേഹം പറഞ്ഞു.പതിനഞ്ച് മിനിറ്റ് മാത്രം ദൈർഘ്യമുള്ള
ഒരു ശബ്ദദനാടകമായിരുന്നു അത്.അക്കാലത്തെ ആകർഷക മാധ്യമമായിരുന്നു ആകാശവാണി.റേഡിയോയിൽ സ്വന്തം പേര് കേൾക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് ആ നാടകം അന്ന് കോഴിക്കോട് ആകാശവാണിക്ക് അയച്ചത്.പിന്നീട് അത് പ്രക്ഷേപണം ചെയ്തുകേട്ടപ്പോഴുണ്ടായ സന്തോഷത്തിന് അതിരില്ല.അന്ന് അതിനു കിട്ടിയ പതിനഞ്ച് രൂപയുടെ മൂല്യം വലുതാണ്.ഇപ്പോഴും ഞാനൊരു റേഡിയോ ആരാധകനാണ്.ഈയടുത്ത് ഒരു കഥയെഴുതിയതും റേഡിയോയെ സംബന്ധിച്ചാണ്.അത്രമേൽ ഇതിനെ സ്നേഹിക്കുന്ന തലമുറയുണ്ടായിരുന്നു.പുതിയ സൗഭാഗ്യങ്ങളുണ്ടായപ്പോൾ ഈ മാധ്യമത്തെ പലരും കൈയ്യൊഴിഞ്ഞോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും ഇന്ന് വൻ തിരിച്ചുവരവിലാണ് റേഡിയോ നിലയങ്ങൾ.അപ്പോഴും ആകാശവാണിയുടെ പ്രാദേശിക നിലയങ്ങളുടെ കാര്യത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ ആശങ്കയുണർത്തുന്നുണ്ട്. – സി.വി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ആകാശവാണി മുൻ മേധാവി ബാലകൃഷ്ണൻ കൊയ്യാൽ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന പ്രസിഡണ്ട് കാട്ടാക്കട രവി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സംസ്ഥാന സെക്രട്ടറി പയ്യന്നൂർ വിനീത് കുമാർ ആമുഖഭാഷണം നടത്തി.മികച്ച റേഡിയോ ശ്രോതാക്കൾക്ക് ഏർപ്പെടുത്തിവരുന്ന ശ്രവണശ്രീ പുരസ്കാരം ഇ.വി.ജി നമ്പ്യാർ,കാർത്തിക അണ്ടല്ലൂർ എന്നിവർക്ക് സമർപ്പിച്ചു.എൻ. പ്രഭാകരൻ,ജാഫർ സാദിഖ്,ജിൽജു സെബാസ്റ്റ്യൻ,എ.എൻ ഷാജി വേങ്ങൂർ എന്നിവരെ പ്രോത്സാഹന കാഞ്ചീരവപ്രസാദം നൽകി ആദരിച്ചു.കാഞ്ചീരവം വാർഷികപ്പതിപ്പ് പ്രകാശനവും നടന്നു.മാത്യു ജോസഫ്,നിർമ്മൽ മയ്യഴി,കാഞ്ചിയോട് ജയൻ,കെ. സനിൽ,മധു പട്ടാന്നൂർ എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികളും നടന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: