പുതിയങ്ങാടി ജി എം യുപി സ്‌കൂള്‍ കെട്ടിടം നാടിന് സമര്‍പ്പിച്ചു



പുതിയങ്ങാടി  ജി എം യുപി  സ്‌കൂള്‍ അക്കാദമിക് ബ്ലോക്ക് കെട്ടിടം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഓണ്‍ലൈനായി നാടിന് സമര്‍പ്പിച്ചു. ഫിഷറീസ് വകുപ്പ് മികച്ച പ്രവര്‍ത്തനങ്ങളാണ്  നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് ഉയരാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1.21 കോടി രൂപ ചെലവിലാണ് അക്കാദമിക് ബ്ലോക്കിന്റെ കെട്ടിടം നിര്‍മ്മിച്ചത്. ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തിന് ഇരുനിലകളിലുമായി 4200 ചതുരശ്ര അടിയുണ്ട്. രണ്ട് നിലകളിലുമായി നാല് ക്ലാസ് മുറികള്‍ വീതം  എട്ട്  ക്ലാസ് മുറികളാണ് സജീകരിച്ചിരിക്കുന്നത്.   സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് നിര്‍മ്മാണം നിര്‍വഹിച്ചത്.   എം എല്‍ എയുടെ ആസ്തിവികസന നിധിയില്‍ നിന്നും രണ്ട്   ബസും സ്‌കൂളിനായി അനുവദിച്ചു.
ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. തീരദേശ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി കെ ഷെയ്ക് പരീത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായി. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരന്‍, ജില്ലാ പഞ്ചായത്തംഗം എസ് കെ ആബിദ ടീച്ചര്‍, ബി പി സി രാജേഷ് കടന്നപ്പള്ളി, ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് ടി ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: