കണ്ണൂരിൽ പ്രതിഷേധം അലയടിച്ച് മഹാറാലി

കണ്ണൂർ:പൗരത്വ ഭേദഗതിനിയമം പിൻവലിക്കുംവരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചുള്ള ഭരണഘടനാ സംരക്ഷണറാലി കണ്ണൂർ നഗരത്തിൽ വൻ പ്രതിഷേധ ജ്വാലയായി മാറി. ആയിരങ്ങൾ റാലിയിൽ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലെത്തിയ പ്രവർത്തകർ ജില്ലാ ആസ്പത്രി പരിസരത്ത് ഒത്തുചേർന്ന് കളക്ടറേറ്റ് മൈതാനത്തേക്ക് ജാഥയായി നീങ്ങി.

കൂട്ടമായി കൈകൊട്ടിയും ആസാദി ഗാനം പാടിയുമാണ് പലരും ജാഥയുടെ ഭാഗമായത്.

പ്രകടനത്തിന് ജില്ലാ നേതാക്കൾ നേതൃത്വം നൽകി. പൊതുസമ്മേളനം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്തു. സ്വാമി അഗ്നിവേശ് മുഖ്യാതിഥിയായി. കെ.പി.ഉമ്മർ മുസ്ല്യാർ അധ്യക്ഷനായി.

വി.കെ.അബ്ദുൽഖാദർ മൗലവി, കെ.ആലിക്കുട്ടി മുസലിയാർ, പട്ടുവം കെ.പി.അബൂബക്കർ മുസ്ല്യാർ, ടി.പി.അബ്ദുള്ള കോയ മദനി, അബ്ദുറഹ്മാൻ കല്ലായി, മാണിയൂർ അഹമ്മദ് മുസ്ല്യാർ, അബ്ദുൽകരിം ചേലേരി തുടങ്ങിയവർ സംസാരിച്ചു. 15 മുതൽ സ്റ്റേഡിയം കോർണറിൽ അനിശ്ചിതകാല ഷഹീൻ ബാഗ് സ്ക്വയർ ആരംഭിക്കും. നാൽപതിലേറെ സംഘടനകളും ഗ്രൂപ്പുകളുമാണ് സ്ക്വയറിലെത്തുക. മാർച്ച് 17 വരെ സ്ക്വയറിൽ ദിവസം ഓരോ സംഘടന അണിനിരക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: