കൊട്ടിയൂരിൽ വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്ന് വിധി

കണ്ണൂർ: കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ച കേസിൽ കോടതി ഇന്ന് വിധി പറയും.
ഫാ റോബിൻ വടക്കുംചേരിയാണ് കേസിലെ ഒന്നാം പ്രതി. ഫാ റോബിൻ വടക്കുംചേരി, സഹായി തങ്കമ്മ നെല്ലിയാനി, ഡോ ലിസ് മരിയ, സിസ്റ്റർ അനീറ്റ, സിസ്റ്റർ ഒഫീലിയ, തോമസ് ജോസഫ് തേരകം, ഡോ ബെറ്റി ജോസഫ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
2016 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കമ്പ്യൂട്ടർ പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നാണ് കേസ്. പെൺകുട്ടിയുടെ ഗർഭത്തിന്റെ ഉത്തരവാദിത്തം പിതാവ്‌ ഏറ്റെടുത്ത് കേസ് ഒതുക്കിതീർക്കാനായിരുന്നു ആദ്യശ്രമം. പിതാവാണ്‌ ഉത്തരവാദി എന്ന് പൊലീസിലും ചൈൽഡ് ലൈനിലും പീഡനത്തിന് ഇരയായ പെൺകുട്ടിയും പറഞ്ഞിരുന്നു. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിനൊടുവിലാണ് പെൺകുട്ടി ഫാദർ റോബിന്റെ പേര് പറഞ്ഞത്. സംഭവം വിവാദമായതോടെ പ്രതിയായ ഫാ. റോബിൻ വടക്കുഞ്ചേരിയെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയായിരുന്നു ഫാ. റോബിൻ വടക്കുഞ്ചേരി.
വിചാരണ വേളയിൽ പെൺകുട്ടിയും മാതാപിതാക്കളും കൂറ് മാറിയിരുന്നു. വൈദികന് എതിരായി പരാതിയില്ല എന്ന നിലപാടാണ് ഇവർ കോടതിയിൽ സ്വീകരിച്ചത്, സംഭവ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നതായും മാതാപിതാക്കൾ കോടതിയിൽ ബോധിപ്പിച്ചിരുന്നു. പെൺകുട്ടി പ്രസവിച്ചത് മറച്ചുവെച്ച്, അതിന് ഒത്താശ ചെയ്തു എന്നതാണ് കേസിലെ മറ്റ് പ്രതികൾക്ക് എതിരെയുള്ള കുറ്റം.
പേരാവൂർ സി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് മൂന്ന് പ്രതികളെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. സിസ്റ്റർ ടെസ്സി, സിസ്റ്റർ ആൻസി മാത്യു, ഡോ. ഹൈദരാലി എന്നിവരെയായിരുന്നു സുപ്രീംകോടതി പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇവർക്കെതിരെ തെളിവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ബാക്കി 7 പേരാണ് വിചാരണ നേരിട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: