കൊവിഡ്: വിദ്യാർഥികൾക്കുള്ള
വാക്‌സിൻ വിതരണം ഊർജിതമാക്കും; കണ്ണൂർ ജില്ലയിൽ 75.4 ശതമാനം പൂർത്തിയായി

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ 15നും 17നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കുള്ള വാക്‌സിനേഷൻ ത്വരിതപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശം നൽകി. നിലവിൽ ജില്ലയിൽ ഈ വിഭാഗത്തിൽ 97722 വിദ്യാർഥികളാണുള്ളത്. ഇവരിൽ 73702 പേർ ഇതിനകം വാക്‌സിനെടുത്തു-75.4 ശതമാനം. വിദ്യാർഥികളുടെ വാക്‌സിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. ജില്ലാതല കൺട്രോൾ റൂമിന്റെ പ്രവർത്തനം 24 മണിക്കൂറുമായി വർധിപ്പിക്കാനും കലക്ടർ നിർദേശം നൽകി.
ജില്ലയിൽ 18.5 ആണ് ഇപ്പോഴത്തെ ശരാശരി ടിപിആർ. മൂന്ന് ദിവസത്തെ ശരാശരി ടിപിആർ നിരക്കാണ് പരിഗണിക്കുന്നത്. നിലവിൽ ജില്ലയിൽ ക്ലസ്റ്ററുകൾ ഇല്ല. ചികിത്സാ സംവിധാനങ്ങളും ആശുപത്രി സൗകര്യങ്ങളും തൃപ്തികരമാണെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത യോഗത്തിൽ അറിയിച്ചു. ആക്ടീവ് കേസുകൾ പതിനായിരത്തിലെത്തുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിലേ സെക്കണ്ടറി ട്രീറ്റ്‌മെന്റ് സെന്ററുകൾ അടക്കമുള്ള അധിക സംവിധാനങ്ങൾ ഒരുക്കേണ്ട സാഹചര്യമുള്ളൂ എന്ന് യോഗം വിലയിരുത്തി. ഇതിനാവശ്യമായ പ്ലാൻ ജില്ലാ ആരോഗ്യവകുപ്പ് തയ്യാറാക്കും.
സംസ്ഥാനത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ജില്ലയിൽ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികൾ കർശമാക്കും. വാർഡ്തല സമിതികൾ വീണ്ടും സജീവമാക്കി പ്രവർത്തനസജ്ജമാക്കും. ഇവയുടെ പ്രാഥമിക യോഗങ്ങൾ വിളിച്ചുചേർക്കാൻ എല്ലാ തദ്ദേശസ്ഥാപനങ്ങളോടും യോഗം ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ സൗകര്യങ്ങളെക്കുറിച്ചുള്ള വിശദാംശം തയ്യാറാക്കും. ഇതിനായി സ്വകാര്യആശുപത്രികളുടെ യോഗം വിളിച്ച് ആവശ്യമായ നിർദേശം നൽകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: