സിവിൽ ഡിഫൻസ് സേനയ്ക്ക് ഇരിട്ടി അഗ്നി രക്ഷാ നിലയത്തിൻ്റെ നേതൃത്വത്തിൽ ഡിങ്കി പരിശീലനം

ഇരിട്ടി: പ്രളയക്കെടുതികളിലും പുഴ അപകടങ്ങളിലും രക്ഷാപ്രവർത്തനം നടത്തുന്നതിനായി ജനകീയ സേനയായ സിവിൽ ഡിഫൻസിന് ഇരിട്ടി അഗ്നി രക്ഷാ നിലയത്തിൻ്റെ നേതൃത്വത്തിൽ ഡിങ്കി പരിശീലനം. രണ്ട് ദിവസങ്ങളിലായുള്ള പരിശീലനപരിപാടി ആരംഭിച്ചു.

ജല അപകടങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ചെറുക്കാനും, കാലവർഷങ്ങളിലെ പ്രളയ ദുരന്തങ്ങളെ തരണം ചെയ്യാനും അഗ്നിരക്ഷാ നിലയങ്ങൾക്ക് കീഴിൽ പ്രവർത്തിച്ചു വരുന്ന സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിങ്കി പരിശീലനം ആരംഭിച്ചിരിക്കുന്നത്.

വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്ന കാറ്റ് നിറച്ച ഡിങ്കികളാണ് രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർഫോഴ്സ് ഉപയോഗിച്ചു വരുന്നത്. ഇരിട്ടിക്ക് ലഭിച്ച രണ്ട് ഡിങ്കികളിലായി ഒരേ സമയം പതിനഞ്ചോളം പേർക്ക് പരിശീലനം നൽകാൻ സാധിക്കും.

ഇരിട്ടി സ്റ്റേഷൻ ഓഫീസർ കെ. രാജീവൻ്റെ നേതൃത്വത്തിൽ മികച്ച പരിശീലകരായ എൻ.ജി. അശോകൻ, പി.ആർ സന്ദീപ് എന്നിവരാണ് ട്രയിനിംഗ് നൽകുന്നത്. ഡിങ്കി തുഴച്ചിലിനു പുറമേ മോട്ടോർ എഞ്ചിൻ ഉപയോഗിച്ചുള്ള ഡിങ്കിയുടെ പ്രവർത്തനവും സിവിൽ ഡിഫൻസ് സേനയ്ക്ക് നൽകുന്നുണ്ട്.ശനി, ഞായർ ദിവസങ്ങളിൽ പരിശീലനങ്ങൾ തുടരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: