ജില്ലാപഞ്ചായത്ത‌് പദ്ധതി വിനിയോഗം കണ്ണൂരിന‌് സംസ്ഥാനത്ത‌് രണ്ടാംസ്ഥാനം

കണ്ണൂർ: ജില്ലാ പഞ്ചായത്തുകളുടെ പദ്ധതിവിനിയോഗത്തിൽ സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ലാപഞ്ചായത്ത‌് രണ്ടാം സ്ഥാനത്ത‌്. 2018–19 വാർഷിക പദ്ധതി പുരോഗതി 62.71 ആണെന്ന‌് ജില്ലാപഞ്ചായത്ത‌് യോഗത്തിൽ അധ്യക്ഷൻ കെ വി സുമേഷ‌് പറഞ്ഞു. ജനറൽ വിഭാഗത്തിൽ 68.38 ശതമാനവും എസ‌്സിപിയിൽ 18.82 ശതമാനവും ടിഎസ‌്പിയിൽ 50.14ശതമാനവുമാണ‌് നിലവിൽ വികസനഫണ്ട‌്‌ വിനിയോഗിച്ചത‌്. മെയിന്റനൻസ‌് ഫണ്ട‌് ഇനത്തിൽ 40.44 ശതമാനവും വളർച്ച രേഖപ്പെടുത്തി. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രഖ്യാപനത്തിന‌് മുമ്പ‌് പദ്ധതികളെല്ലാം ആരംഭിക്കണമെന്ന‌് നിർവഹണ ഉദ്യോഗസ്ഥർക്ക‌് യോഗത്തിൽ നിർദേശം നൽകി.
മിക്ക നിർവഹണ ഉദ്യോഗസ്ഥരും ജില്ലാ പഞ്ചായത്ത‌് യോഗത്തിൽ തുടർച്ചയായി പങ്കെടുക്കാത്ത അവസ്ഥയുണ്ട‌്. ജനങ്ങൾക്കു വേണ്ടിയുള്ള പദ്ധതികളും ഡിവിഷൻ മെമ്പർമാർ ഉന്നയിക്കുന്ന പരാതികളും അറിഞ്ഞ‌് വേണ്ട പരിഹാരമുണ്ടാക്കാൻ ഉദ്യോഗസ്ഥർ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണം.
എസ‌്സി–-എസ‌്ടി പദ്ധതികൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ മെല്ലെപ്പോക്ക‌് തുടരുകയാണ‌്. ഇക്കാരണത്താൽ ഓരോ വർഷവും ഫണ്ട‌് നഷ്ടമാവുന്നു. ഇൗ സ്ഥിതിക്കു മാറ്റം വരുത്താൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന‌ും സുമേഷ‌് പറഞ്ഞു.
തെരുവ‌് നായ‌്ക്കളുടെ പ്രജനന നിയന്ത്രണ പദ്ധതി പ്രകാരം പടിയൂരിൽ നിർമിക്കുന്ന എബിസി കേന്ദ്രത്തിനായി ജില്ലാ നിർമിതി കേന്ദ്ര തയ്യാറാക്കിയ 59 ലക്ഷം രൂപയുടെ എസ‌്റ്റിമേറ്റിന‌് യോഗം ഭരണാനുമതി നൽകി. കല്യാശേരി സിവിൽ സർവീസ‌് അക്കാദമിയിൽ വെർച്വൽ ക്ലാസ‌് റൂം സ്ഥാപിക്കൽ പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട‌് സൊസൈറ്റി മുഖേന ചെയ്യാനും അനുമതി നൽകി.
ജില്ലയിലെ മുഴുവൻ സ‌്കൂളുകളിലെയും എസ‌്എസ‌്എൽസി വിദ്യാർഥികളെ വിജയിപ്പിക്കുന്നതിനായി ജില്ലാപഞ്ചായത്ത‌് നടപ്പാക്കുന്ന മുകുളം പദ്ധതി ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ വർഷം ജില്ലയിലെ 150 വിദ്യാലയങ്ങളെ നൂറുമേനിയിലേക്ക‌് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ‌് പ്രവർത്തിക്കുന്നത‌്. ഇതിനായുള്ള ചോദ്യപേപ്പറുകൾ ഡയറ്റ‌് തയ്യാറാക്കിയിട്ടുണ്ട‌്.
എസ‌്എസ‌്എയുടെ പുതിയ പ്രോജക്ടായ ലാംഗ്വേജ‌് ലാബ‌ിലൂടെ കുട്ടികളെ എളുപ്പം ഇംഗ്ലീഷ‌് പഠിപ്പിക്കാൻ സാധിക്കും. ഈ പദ്ധതി ജില്ലയിലെ മുഴുവൻ സർക്കാർ സ‌്കൂളുകളിലേയും ഹയർസെക്കൻഡറി ഉൾപ്പെടെയുള്ള ക്ലാസുകളിലേക്ക‌് വ്യാപിപ്പിക്കും. അടുത്ത അധ്യയന വർഷത്തിൽ കുട്ടികൾ കുറയാൻ സാധ്യതയുള്ള സ‌്കൂളുകൾ കണ്ടെത്തി മാർച്ച‌് മുതൽ ക്യാമ്പയിൻ ആരംഭിക്കുമെന്ന‌് പ്രസിഡന്റ‌് പറഞ്ഞു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലൻ, വി കെ സുരേഷ‌്ബാബു, ടി ടി റംല, കെ ശോഭ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സെക്രട്ടറി വി ചന്ദ്രൻ, അൻസാരി തില്ലങ്കേരി എന്നിവർ സംസാരിച്ചു.
കെ പി എ റഹീമിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: