കുരങ്ങുപനി ജാഗ്രത പാലിക്കണം – ഡിഎംഒ

കണ്ണൂർ: കർണാടകത്തിലെ ശിവമോഗ ജില്ലയിൽ കുരങ്ങുപനി ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ ആരോഗ്യവകുപ്പ‌് പ്രതിരോധം ശക്തമാക്കി.
വനത്തിനോട് ചേർന്ന് താമസിക്കുന്നവർ, കാലിമേയ്ക്കൽ, വിറക് പെറുക്കൽ എന്നിവയ‌്ക്ക‌് പോകുന്നവർ, വനത്തിൽ വിനോദ സഞ്ചാരം നടത്തുന്നവർ, കുരങ്ങുപനി ബാധയുള്ള സ്ഥലങ്ങൾ സന്ദർശിച്ചവർ എന്നിവർക്ക് രോഗബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ വനത്തിലുള്ളിൽ പോകുന്നവർ കട്ടിയുള്ള, ദേഹം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ, കൈയുറകൾ, കാലുറകൾ, വലിയ ബൂട്ടുകൾ എന്നിവ ധരിക്കുക, ചെള്ളു കടിയിൽനിന്നും രക്ഷ നേടുന്നതിനുള്ള ലേപനങ്ങൾ പുരട്ടുക തുടങ്ങിയ മുൻകരുതൽ നടപടിയെടുക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
കുരങ്ങുപനി വൈറസ്, സാധാരണ ചെറിയ സസ്തനികൾ, കുരങ്ങുകൾ, ചിലയിനം പക്ഷികൾ തുടങ്ങിയവയിലാണ‌് കാണപ്പെടുന്നത‌്. ഹീമാഫൈസാലിസ് വർഗത്തിൽപ്പെട്ട ചെള്ളുകളാണ് രോഗാണുവിനെ മനുഷ്യരിൽ എത്തിക്കുന്നത്. വളർത്തു മൃഗങ്ങൾ വഴി മനുഷ്യവാസ കേന്ദ്രത്തിലേക്ക് ഈ ചെള്ള് വ്യാപിക്കാനും ഇടയുണ്ട്.
എവിടെയെങ്കിലും കുരങ്ങുകൾ ചത്തു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെയോ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കണം. മുൻകരുതൽ ഇല്ലാതെ ഈ പ്രദേശങ്ങളിൽ പോകാൻ പാടില്ല. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുള്ളവർ ഉടൻ തന്നെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: