കുന്നത്തൂര്‍പ്പാടി തിരുവപ്പനയുത്സവം 18ന് ആരംഭിക്കും.

പയ്യാവൂർ: ഉത്തര കേരളത്തിലെ മുത്തപ്പൻ മടപ്പുരകളുടെ മൂലസ്ഥാനമായ കുന്നത്തുർപ്പാടി മുത്തപ്പൻ ദേവസ്ഥാനം തിരുവപ്പനയുത്സവത്തിന് ഒരുങ്ങി.
ഭക്തലക്ഷങ്ങളുടെ കണ്‍കണ്ട ദൈവമായ മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂര്‍പാടിയിലെ തിരുവപ്പന ഉത്സവം ഈ മാസം18ന് ആരംഭിക്കും. ധനുമാസത്തെ മരം കോച്ചുന്ന തണുപ്പ് പൊതിയുന്ന കുന്നത്തൂര്‍ മലമുകളിലെ വനാന്തരത്തിലുള്ള മുത്തപ്പന്‍ ദേവസ്ഥാനത്തിന് ഇനി ഒരുമാസക്കാലം ഉത്സവഹര്‍ഷത്തിന്റെ നാളുകള്‍.
സ്ഥിരം മടപ്പുരയും ക്ഷേത്ര സങ്കേതങ്ങളുമില്ലാത്ത പാടിയില്‍ പ്രകൃതിയോടിണങ്ങിയ ചടങ്ങുകളോടെയാണ് തിരുവപ്പന ഉത്സവം നടക്കുന്നത്.

ഗുഹാക്ഷേത്രമെന്ന് അര്‍ഥമുള്ള മടപ്പുര കുന്നത്തൂര്‍പാടിയിൽ അന്നും ഇന്നും ഗുഹാക്ഷേത്രം തന്നെ. കാട്ടുകമ്പും,ഈറ്റയും കൊണ്ടാണ് താത്കാലിക മടപ്പുര നിർമ്മിച്ചിരിക്കുന്നത്.സമുദ്ര നിരപ്പില്‍ നിന്ന് മൂവായിരം അടി മുകളിലാണ് കുന്നത്തൂര്‍മല. വര്‍ഷത്തില്‍ തിരുവപ്പന ഉത്സവം നടക്കുന്ന ഒരുമാസം മാത്രമാണ് വനാന്തരത്തിലെ ദേവസ്ഥാനത്തേക്ക് ആള്‍പ്രവേശനം അനുവദിക്കുകയുള്ളു. മുത്തപ്പന്റെ തോറ്റങ്ങളില്‍ എകര്‍ന്നമല കനകഭൂമി കുന്നത്തൂര്‍പാടി എന്നാണ് വിശേഷണമുള്ളത്. ഏരുവേശി പുഴയിലെ തിരുനെറ്റിക്കല്ലില്‍ നിന്ന് പാടിക്കുറ്റി അന്തര്‍ജനത്തിന് കിട്ടിയ ശിശുവായ മുത്തപ്പന്റെ ആരൂഢസ്ഥാനമാണ് ഈ ദേവസ്ഥാനം. അടിയാളര്‍ക്കൊപ്പം അവരിലൊരാളായി കുന്നത്തൂർ മലമുകളിലെ വനത്തില്‍ മുത്തപ്പന്‍ വാണരുളിയെന്നാണ് ഐതിഹ്യം. മുത്തപ്പന്റെ പ്രകൃതിയോടണങ്ങിയ ജീവിതം പോലെയാണ് കുന്നത്തൂര്‍പാടിയിലെ എല്ലാ ചടങ്ങുകളും. ഈറ്റപന്തങ്ങള്‍ വെളിച്ചം തൂകുന്ന തിരുമുറ്റത്താണ് തിരുവപ്പന കെട്ടിയാടുന്നത്. ചടങ്ങുകള്‍ക്കുള്ള ജലം വനാന്തരത്തിലെ തീര്‍ത്ഥകുണ്ടില്‍ നിന്നാണ് എടുക്കുന്നത്.കരക്കാട്ടിടം വാണവരുടെ കങ്കാണിയറയും, അഞ്ഞൂറ്റാന്റെ അണിയറയും, ചന്തന്റെയും, കൊമരത്തിന്റെയും സ്ഥാനിക പന്തലുകളുമെല്ലാം ഓലകൊണ്ടാണ് നിര്‍മ്മിക്കുന്നത്. തിരുമുറ്റത്ത് ഭക്തര്‍ക്ക് ദര്‍ശനം കൊടുക്കാന്‍ തിരുവപ്പന ഇരിക്കുന്ന പീഠം നിര്‍മ്മിക്കുന്നതും മണ്ണുകൊണ്ട് മാത്രമാണ്.

താഴെ പൊടിക്കളത്ത് ചൊവ്വാഴ്ച (18ന് ) തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശേഷാല്‍ പൂജകളോടെയാണ് ഉത്സവത്തിന്റെ തുടക്കം. വൈകുന്നേരം 6 ന് കൊമരം പൈങ്കുറ്റി വച്ചശേഷം പാടിയില്‍ പ്രവേശിക്കുന്ന ചടങ്ങ് ആരംഭിക്കും. അഞ്ചില്ലം അടിയാന്മാര്‍ കളിക്കപ്പാട്ടോടുകൂടി ഇരുവശത്തും ചൂട്ടുപിടിച്ച് തിരുവാഭരണപ്പെട്ടിയും ഭണ്ഡാരങ്ങളും പാടിയിലേക്ക് എഴുന്നള്ളിക്കും. കരക്കാട്ടിടം വാണവരെയും തന്ത്രിയെയും ആനയിക്കും. തുടര്‍ന്ന് തിരുമുറ്റത്ത് തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ കലശപൂജ ഉള്‍പ്പെയെയുള്ള കര്‍മ്മങ്ങള്‍ നടക്കും. കൊമരനും, ചന്തനും മടപ്പുരയ്ക്കുള്ളില്‍ പൈങ്കുറ്റി വെച്ചശേഷം കൊല്ലന്‍ കങ്കാണിയറയുടെ തൂണില്‍ ഇരുമ്പ് കുത്തുവിളക്ക് തറയ്ക്കും. കങ്കാണിയറയിലെ വിളക്ക് തെളിയുന്നതോടെ ഉത്സവം ആരംഭിക്കുകയായി. ഉത്സവത്തിന്റെ ആദ്യ ദിനത്തില്‍ മുത്തപ്പന്റെ നാല് ജീവിത ഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പന്‍, പുറംകാല മുത്തപ്പന്‍, നാടുവാഴീശ്ശന്‍ ദൈവം, തിരുവപ്പന എന്നീ നാലു രൂപങ്ങളും കെട്ടിയാടും. മറ്റ് ഉത്സവ ദിനങ്ങളില്‍ വൈകുന്നേരം 4.30-ന് ഊട്ടും വെള്ളാട്ടവും രാത്രി 9.30-ന് തിരുവപ്പനയുമാണ് കെട്ടിയാടുക. തിരുവപ്പന ആവശ്യപ്പെടുന്ന ദിവസങ്ങളിൽ മുത്തപ്പന്റെ മാതൃരൂപമായ മൂലംപെറ്റ ഭഗവതി കെട്ടിയാടും. ജനുവരി 15ന് രാവിലെ ഉത്സവം സമാപിക്കും.

എല്ലാ ദിവസവും പള്ളിവേട്ടയ്ക്ക് ശേഷമാണ് തിരുവപ്പന ഭക്തര്‍ക്ക് ദര്‍ശനം നല്‍കുക. ഉത്സവ ദിനങ്ങളിൽ 24 മണിക്കൂറും പാടിയിൽ ദർശനത്തിനുള്ള സൗകര്യമുണ്ടാകുമെന്നും
ഉത്സവം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അവസാനഘട്ട ജോലികള്‍ തീര്‍ക്കുന്ന തിരക്കിലാണ് സംഘാടകരെന്നും പാരമ്പര്യ ട്രസ്റ്റിയും കരക്കാട്ടിടം വാണവരുമായ എസ്.കെ.കുഞ്ഞിരാമൻ നായനാർ പറഞ്ഞു.ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും കുടകിൽ നിന്നുമായി 15 ലക്ഷത്തിലധികം ഭക്തർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഒരു മാസക്കാലം പാടിയിലെത്തുന്ന എല്ലാവർക്കും ഉച്ചക്കും, രാത്രിയിലും അന്നദാനം ഉണ്ടാകുമെന്നും അദ്ദഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: