പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന് കൂത്തുപറമ്പിൽ ഓഫീസ് അനുവദിച്ച് സർക്കാർ ഉത്തരവ്

കേരളത്തിലെ ഒ.ബി.സി./മതന്യൂനപക്ഷ വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന് കൂത്തുപറമ്പില്‍ പുതിയ ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 പുതിയ ഓഫീസുകള്‍ കൂടി അനുവദിക്കുന്നതിന്റെ ഭാഗമായാണിത്. 2019 മാര്‍ച്ചോടെ ഓഫീസ് സ്ഥാപിക്കാനാണ് പദ്ധതി. ഇതിലേക്കായി 40 പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

കൂത്തുപറമ്പിനു പുറമെ, നെയ്യാറ്റിന്‍കര, കരുനാഗപ്പള്ളി, പത്തനാപുരം, ചേര്‍ത്തല, ദേവികുളം, മൂവാറ്റുപുഴ, വടക്കുംചേരി, പേരാമ്പ്ര, കാഞ്ഞങ്ങാട് എന്നിവയാണ് പുതുതായി ആരംഭിക്കുന്ന ഓഫീസുകള്‍. നിലവില്‍ കോര്‍പ്പറേഷന് 14 ജില്ലാ ഓഫീസുകളും വര്‍ക്കല, ഹരിപ്പാട്, ചേലക്കര, പട്ടാമ്പി, വണ്ടൂര്‍, തിരൂര്‍ എന്നീ ആറ് ഉപജില്ലാ ഓഫീസുകളുമാണ് ഉള്ളത്.

കുറഞ്ഞ പലിശ നിരക്കിലും ലളിതമായ വ്യവസ്ഥയിലും സ്വയം തൊഴില്‍, വിദ്യാഭ്യാസം, പ്രവാസി വായ്പാ പദ്ധതികള്‍, ഗൃഹനിര്‍മ്മാണം, പെണ്‍കുട്ടികളുടെ വിവാഹം തുടങ്ങി വായ്പാ ക്ഷേമ പദ്ധതികള്‍ തുടങ്ങിയവ നടപ്പിലാക്കി വരുന്ന കോര്‍പ്പറേഷന്‍ ഇതുവരെ 4.90 ലക്ഷം ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് 3050 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 450 കോടി രൂപയുടെ വായ്പാ വിതരണമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: