മട്ടന്നൂർ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകൾ പ്രവർത്തനം തുടങ്ങി

കണ്ണൂർ: മട്ടന്നൂർ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകൾ പ്രവർത്തനം തുടങ്ങി. വിമാനത്താവളം ഉദ്ഘാടനത്തോടെയാണ് ക്യാമറകൾ പ്രവർത്തിപ്പിച്ച് തുടങ്ങിയത്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലായി 29 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇരിട്ടി റോഡിൽ കളറോഡ് പാലം വരെയും തലശ്ശേരി റോഡിൽ കനാൽ വരെയുമാണ് ക്യാമറകൾ വെച്ചത്. കണ്ണൂർ റോഡിലും വിമാനത്താവളത്തിലേക്കുള്ള മട്ടന്നൂർ-അഞ്ചരക്കണ്ടി റോഡിൽ വായാന്തോട് മുതൽ കാര പേരാവൂർ വരേയുമാണ് ക്യാമറ സ്ഥാപിച്ചത്.

പോലീസ് സ്റ്റേഷനിൽ പ്രത്യേകം സജ്ജമാക്കിയ കെട്ടിടത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. സ്ത്രീസുരക്ഷയുടെ ഭാഗമായി ബസ് സ്റ്റാൻഡിൽ പാനിക് ബട്ടണും സ്ഥാപിക്കുന്നുണ്ട്. ആവശ്യമുളള സ്ത്രീകൾക്ക് ഏതുസമയത്തും ഇതുവഴി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ കഴിയും. നേരത്തേ പദ്ധതിയുടെ ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും നടപ്പായിരുന്നില്ല.

നഗരസഭയുടേയും പോലീസിന്റെയും ഹോക്ക് ഇന്ത്യയുടെയും നേതൃത്വത്തിൽ തലശ്ശേരിയിലെ ക്രേബ് ഗ്ലോബൽ സെക്യൂരിറ്റിയാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. പത്തുവർഷത്തെ കരാറടിസ്ഥാനത്തിലാണ് നഗരത്തിൽ ക്യാമറ സ്ഥാപിച്ചത്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് പകർത്തുന്നതും ദൂരെയുള്ള ദൃശ്യങ്ങൾ പകർത്തിയെടുക്കുന്നതുമായ ക്യാമറകളാണിവ. നഗരത്തിലുണ്ടാകുന്ന അപകടങ്ങളും മോഷണവും കുറയ്ക്കാനും ഹെൽമറ്റില്ലാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും വാഹനമോടിക്കുന്നവരെ പിടികൂടാനും പോലീസിനു സഹായമാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: