ചാല ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടവും ആംഫി തിയറ്ററും ഉദ്ഘാടനം ചെയ്തു

0

പൊതുവിദ്യാലയങ്ങളിൽ നടത്തിയത് 3800 കോടിയിലധികം രൂപയുടെ നിക്ഷേപം: മുഖ്യമന്ത്രി

2016 മുതൽ ഇങ്ങോട്ട് 3800 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് പൊതുവിദ്യാലയങ്ങളിൽ സംസ്ഥാന സർക്കാർ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം മണ്ഡലത്തിലെ ചാല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആറ് കോടിയോളം ചെലവിട്ട് നിർമ്മിച്ച പുതിയ മൂന്ന് നില കെട്ടിടത്തിന്റെയും ആംഫി തിയറ്ററിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
23,000 ഓളം സ്‌കൂളുകൾക്കാണ് സർക്കാർ നിക്ഷേപത്തിന്റെ പ്രയോജനം ലഭിച്ചത്. 45,000 ക്ലാസ് മുറികളാണ് ഹൈടെക് ആയത്. എല്ലാ സ്‌കൂളുകളിലും കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചു. നമ്മുടെ സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ വിദ്യാർഥികളുടെ എണ്ണത്തിൽ വർധനവ് പൊതുവിദ്യാലയങ്ങളിൽ പൊതുവേ ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടര വർഷത്തിനിടെ 260ഓളം സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു. 450 കെട്ടിടങ്ങളുടെ നിർമ്മാണം നടന്നുവരികയാണ്. ഇതിന് ചെലവഴിക്കുന്നത് 1724 കോടി രൂപയാണ്. 10 ലക്ഷത്തോളം സ്‌കൂൾ കുട്ടികൾക്ക് യൂനിഫോം സൗജന്യമായി നൽകി. അടുത്ത അധ്യയന വർഷാരംഭത്തിൽ പുതുക്കിയ പാഠപുസ്തകം വിദ്യാർഥികൾക്ക് ലഭ്യമാക്കും.
നൂതന സാങ്കേതിക വിദ്യയുടെ രംഗത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്താൻ ഒട്ടേറെ പദ്ധതികൾ നടപ്പാക്കാൻ പോവുകയാണ്. സ്‌കൂളുകളിൽ റോബോട്ടിക് കിറ്റ് ലഭ്യമാക്കുന്ന പദ്ധതി ഇതിന്റെ ഭാഗമായുള്ളതാണ്. ഇതിന്റെ ഭാഗമായി അധ്യാപകർക്കും പരിശീലനം നൽകും. 60,000 കുട്ടികൾക്ക് നേരിട്ട് പരിശീലനം നൽകും. പരിശീലനം നേടുന്ന കുട്ടികൾ മറ്റുള്ളവർക്ക് പരിശീലനം നൽകുന്നതിലൂടെ ആകെ 12 ലക്ഷത്തോളം കുട്ടികൾക്ക് പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ അധ്യക്ഷയായി. ഡോ. വി ശിവദാസൻ എംപി മുഖ്യാതിഥിയായി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി കെ പ്രമീള, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ദാമോദരൻ, കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി വി പ്രേമവല്ലി, ജില്ലാ പഞ്ചായത്തഗം കെ വി ബിജു, മുൻ എംഎൽഎ എം വി ജയരാജൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ സുരേശൻ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി രതീശൻ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് അംഗം ഇ ബിന്ദു, കടമ്പൂർ ഗ്രാമപഞ്ചായത്ത് അംഗം ഷിപ്‌ന പ്രമോദ്, കണ്ണൂർ ആർഡിഡി ആർ മണികണ്ഠൻ, കണ്ണൂർ ഡിഡിഇ ടി പി അജിത, കണ്ണൂർ നോർത്ത് എഇഒ ഒ സി പ്രസന്നകുമാരി, സ്‌കൂൾ പ്രിൻസിപ്പൽ ടി പ്രസീത, ഹെഡ്മാസ്റ്റർ കെ വി പ്രവീൺകുമാർ, പിടിഎ പ്രസിഡൻറ് എം വി നികേഷ്, മദർ പിടിഎ പ്രസിഡൻറ് കെ സുഗീത, വിദ്യാകിരണം ജില്ലാ കോ ഓർഡിനേനറ്റർ കെ സി സുധീർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ ഇജി വിശ്വപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d