സുധാകരന്റേത് കേരളത്തിലെ കോണ്‍ഗ്രസിനെ ബി.ജെ.പിയാക്കാനുള്ള ശ്രമം ; വിമര്‍ശിച്ച് സി.പി.എം

കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി സി.പി.എം. കേരളത്തിലെ കോണ്‍ഗ്രസിനെ സംഘപരിവാറിന്റെ കൂടാരത്തില്‍ എത്തിക്കുന്നതിന് കെ.പി.സി.സി. പ്രസിഡന്റ് അച്ചാരം വാങ്ങി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ എന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ വിമര്‍ശിച്ചു.

ആര്‍.എസ്.എസുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട് എന്ന കാര്യം സുധാകരന്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ആര്‍.എസ്.എസിന്റെ ശാഖകള്‍ക്ക് സംരക്ഷണം നല്‍കി എന്ന കാര്യവും കഴിഞ്ഞ ദിവസം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇത്തരം ആര്‍.എസ്.എസ് അനുകൂല നിലപാടുകള്‍ തിരുത്തുന്നതിന് പകരം ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുമായി സഖ്യമുണ്ടാക്കിയ നേതാവ് എന്ന് ചിത്രീകരിച്ച് തന്റെ നിലപാടുകളെ ന്യായീകരിക്കാനാണ് സുധാകരന്‍ വീണ്ടും പരിശ്രമിക്കുന്നത്- സി.പി.എം. വിമര്‍ശിച്ചു.

സ്വയം ബി.ജെ.പിയിലേക്ക് ചേക്കേറുന്ന ശ്രമത്തെക്കാള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ബി.ജെ.പിയാക്കി മാറ്റുന്നതിനുള്ള ആശയപരിസരം സൃഷ്ടിക്കാനാണ് യഥാര്‍ഥത്തില്‍ സുധാകരന്‍ ശ്രമിക്കുന്നത്. ചരിത്രത്തില്‍ വിഷം കലര്‍ത്തുകയെന്ന സംഘപരിവാറിന്റെ സമീപനം തന്നെയാണ് സുധാകരനുമുള്ളത് എന്ന് ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. ഈ അപകടം തിരിച്ചറിയാന്‍ കോണ്‍ഗ്രസിനെ ഇപ്പോഴും പിന്തുണയ്ക്കുന്ന മതനിരപേക്ഷ നിലപാടുള്ളവരും വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളും തയ്യാറാകണം. കെ. സുധാകരന്‍ നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്ന ആര്‍.എസ്.എസ്. വിധേയത്വം തിരിച്ചറിയണം. ഇക്കാര്യത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും യു.ഡി.എഫിന്റെയും നിലപാട് എന്താണ് എന്ന് വ്യക്തമാക്കണമെന്നും സി.പി.എം. ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: