ഒരേസ്ഥലത്ത് രണ്ടുതരം പാർക്കിങ് ബോർഡുകൾ – സ്വകാര്യ – ടാക്സി വാഹന ഡ്രൈവർമാർ തമ്മിൽ തർക്കം

ഇരിട്ടി: ഒരേസ്ഥലത്ത് രണ്ടുതരത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച അധികാരികളോട് ഇതിൽ ഏതാണ് ഒറിജിനൽ, ഏതാണ് വ്യാജൻ എന്ന് ചോദിക്കേണ്ട അവസ്ഥയാണ് ഇരിട്ടിയിൽ. ടാക്സി ഡ്രൈവർമാരും സ്വകാര്യ വാഹന ഉടമകളും തമ്മിൽ തർക്കവും സംഘർഷവും പതിവാകുന്നു . ഇരിട്ടി മേലെ സ്റ്റാൻ്റിൽ ജുമാ മസ്ജിദിന് എതിർവശത്ത് വര്ഷങ്ങളാലുള്ള ടാക്സി സ്റ്റാൻ്റിലാണ് ഗതാഗത പരിഷ്കാരങ്ങളുടെ ഭാഗമായി പ്രശ്നങ്ങൾക്കിടയാക്കും വിധം കഴിഞ്ഞ ദിവസം നഗരസഭ ബോർഡ് സ്ഥാപിച്ചത്. ഒരേ സ്ഥലത്ത് തൊട്ടു തൊട്ട് പ്രൈവറ്റ് വാഹനങ്ങൾക്കും ടാക്സി വാഹനങ്ങൾക്കും പാർക്ക് ചെയ്യാമെന്ന ബോർഡ് സ്ഥാപിച്ചതാണ് തർക്കങ്ങൾക്കിടയാക്കുന്നത് .
മുൻപേ ഇവിടെ ടാക്സി സ്റ്റാന്റെന്ന നിലയിൽ ടാക്സി പാർക്കിങ് എന്ന ബോർഡ് സ്ഥാപിക്കുകയും ടാക്സി വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്തു വരികയായിരുന്നു. ഇതേ ബോർഡിന് തൊട്ടുതന്നെയാണ് കഴിഞ്ഞദിവസം സ്വകാര്യ കാർ പാർക്കിങ്ങ് എന്ന ബോർഡ് സ്ഥാപിച്ചത്. പുതിയ ബോർഡ് സ്ഥാപിച്ചതോടെ തങ്ങൾക്കനുവദിച്ച സ്ഥലത്ത് സ്വകാര്യ വാഹനങ്ങൾ പാർക്കു ചെയ്യാൻ തുടങ്ങിയതോടെയാണ് ടാക്സി ഡ്രൈവർമാരും സ്വകാര്യ വാഹന ഉടമകളും തമ്മിൽ തർക്കവും വാക്കേറ്റവും സംഘർഷവും രൂക്ഷമായത്. നഗരസഭ അധികൃതർ രാത്രിയിൽ സ്ഥാപിച്ച ബോർഡുകൾ മറ്റൊരിടത്ത് സ്ഥാപിക്കുന്നതിനു പകരം സ്ഥലം മാറിയാണ് ഇവിടെ സ്ഥാപിച്ചതെന്നും ഇതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നുമാണ് ടാക്സി ഡ്രൈവർമാർ പറയുന്നത്.
സ്വകാര്യ വാഹനങ്ങൾക്ക് ടാക്സി സ്റ്റാൻ്റിന് എതിർവശം ജുമാ മസ്ജിദിന് മുൻവശം പാർക്കിംഗ് സൗകര്യമൊരുക്കാൻ തീരുമാനിച്ചിരുന്നു. ഇവിടെ സ്ഥാപിക്കേണ്ട മുന്നറിയിപ്പ് ബോർഡ് നഗരസഭ ജീവനക്കാർ സ്ഥലംമാറ്റി ടാക്സി സ്റ്റാൻ്റിൽ സ്ഥാപിച്ചതായാണ് അറിയുന്നത് .
ബന്ധപ്പെട്ടവർ ഇടപെട്ട് മുന്നറിയിപ്പ് ബോർഡുകൾ മാറ്റി സ്ഥാപിക്കാത്ത പക്ഷം നിത്യവും ഇത് സംബന്ധിച്ച തർക്കവും സംഘർഷവും കൂടി വരാനാണ് സാധ്യത എന്ന് ടാക്സി ഡ്രൈവർമാരും സമീപത്തെ വ്യാപാരികളും പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: