സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍

കണ്ണൂർ :സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍, കള്ളവോട്ട്, വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും.
വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതോ, നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ, പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏര്‍പ്പെടുവാന്‍ പാടില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 121-ാം വകുപ്പ്, കേരള മുനിസിപ്പാലിറ്റി ആക്ട് 145-ാം വകുപ്പ് എന്നിവ പ്രകാരം വര്‍ഷം വരെ തടവോ പതിനായിരം രൂപവരെ  പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
രാഷ്ട്രീയ കക്ഷികളെ വിമര്‍ശിക്കുമ്പോള്‍ നയങ്ങളിലും പരിപാടികളിലും, പൂര്‍വ്വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമായി ഒതുക്കണം. മറ്റ്  നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള വിമര്‍ശനങ്ങളില്‍ പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത കാര്യങ്ങളോ സ്വകാര്യ ജീവിതമോ പാടില്ല.  അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റ് കക്ഷികളെയും പ്രവര്‍ത്തകരെയും വിമര്‍ശിക്കാന്‍ പാടില്ല.  ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു തേടരുത്. ക്ഷേത്രങ്ങള്‍, ക്രിസ്ത്യാന്‍-മുസ്ലിം പള്ളികള്‍, മറ്റ് ആരാധനാസ്ഥലങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കാന്‍ പാടില്ല.
എതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ സമ്മതിദായകനോ അവര്‍ക്ക് താത്പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹിക ബഹിഷ്‌കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ ഉയര്‍ത്തരുത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേരള പഞ്ചായത്ത് രാജ് ആക്ട് 120-ാം വകുപ്പ്, കേരള മുനിസിപ്പാലിറ്റി ആക്ട് 144-ാം വകുപ്പ് എന്നിവ പ്രകാരം നടപടി സ്വീകരിക്കും.
ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അവകാശത്തെ മാനിക്കേണ്ടതാണ്. വ്യക്തികളുടെ  അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക, പിക്കറ്റു ചെയ്യുക തുടങ്ങിയ രീതികള്‍ ഉണ്ടാകരുത്. ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവയില്‍ അയാളുടെ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ രാഷ്ട്രീയകക്ഷികളോ സ്ഥാനാര്‍ത്ഥികളോ അവരുടെ അനുയായികളെ അനുവദിക്കാന്‍ പാടില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: