ശബരിമല വിധി ; ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച്‌ 36 സ്ത്രീകള്‍

മണ്ഡലക്കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ,ശബരിമലയില്‍ ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടിരിക്കുന്ന സാഹചര്യത്തിലാണ്‌ ശബരിമലയില്‍ ദര്‍ശനത്തിനായി പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനത്തില്‍ സ്ത്രീകള്‍ അപേക്ഷ നല്‍കിയ വിവരം പുറത്തുവന്നിരിക്കുന്നത്.

ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ശബരിമലയിലെ യുവതീപ്രവേശനം പുനപരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് വിട്ട സുപ്രീംകോടതി മുന്‍വിധി സ്റ്റേ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ വിശാല ബഞ്ച് പരിഗണിക്കും വരെ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതിയുടെ മുന്‍വിധിയില്‍ മാറ്റമുണ്ടാകില്ല. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി, വിധി പുനപരിശോധിക്കാന്‍ വിശാല ബഞ്ചിന് വിട്ടത്.

ശബരിമല കേസിലെ യുവതീപ്രവേശനം അനുവദിക്കുന്നതും മുസ്ലീംപള്ളികളിലും പാഴ്‌സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതും അടക്കം കേസുകളെല്ലാം ഒരൊറ്റ ബെഞ്ചിലേക്ക് വിട്ടു കൊണ്ട് ലിംഗ ഭേദമന്യേ രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും എല്ലാവര്‍ക്കും പ്രവേശിക്കാമോ എന്ന കാര്യത്തില്‍ ഒരൊറ്റ വിധിയാണ് ഇനി വരാന്‍ പോകുന്നത്. സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ഉള്‍പ്പെടുന്ന വിശാലമായ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത് എന്നതിനാല്‍ വരാനിരിക്കുന്ന വിധി അതീവപ്രാധാന്യമുള്ളതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: