ശബരിമല യുവതി പ്രവേശം ഇനി പരിഗണിക്കുക ഏഴംഗ ബെഞ്ച്; വിശാലബെഞ്ചിലേക്ക് വിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമല യുവതിപ്രവേശന കേസ് വിശാലബെഞ്ചിന് വിട്ട് സുപ്രീം കോടതി. ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ടെന്ന് പ്രസ്‌താവിച്ച കോടതി, കേസ് ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് ഏഴംഗ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
രാവിലെ 10.44ന് വിധി പ്രസ്‌താവം വായിച്ച ചീഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗോഗോയി, മതത്തിന് വലിയ പ്രാധാന്യമാണുള്ളതന്ന് വ്യക്തമാക്കി. ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധംമുണ്ട്. അതുകൊണ്ടുതന്നെ ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണ്.
യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയുമായി ബന്ധപ്പെട്ട് 56 റിവ്യൂ ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. റിട്ട് ഹര്‍ജികളും സര്‍ക്കാരിന്റെ ഹര്‍ജികളും ചേര്‍ത്ത് മൊത്തം 65 ഹര്‍ജികള്‍ കോടതിയിലെത്തി. ഏഴ് പ്രമുഖ കക്ഷികളുടെ വാദങ്ങളാണ് സുപ്രീംകോടതി തുറന്ന കോടതിയില്‍ കേട്ടത്. മറ്റു കക്ഷികള്‍ വാദം എഴുതി നല്‍കുകയായിരുന്നു. 2018 സെപ്തംബര്‍ 28ലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് യോജിച്ചു. എന്‍.എസ്.എസും തന്ത്രിയും മറ്റും യുവതീ പ്രവേശനം അനുവദിക്കരുതെന്നാണ് ആവശ്യപ്പെട്ടത്.
കക്ഷികളും അഭിഭാഷകരും
1. സംസ്ഥാന സര്‍ക്കാര്‍- ജയദീപ് ഗുപ്ത
2. ദേവസ്വംബോര്‍ഡ്- രാകേഷ് ദ്വിവേദി
3. എന്‍.എസ്.എസ്- കെ. പരാശരന്‍
4. തന്ത്രി കണ്ഠരര് രാജീവര്- വി. ഗിരി
5. പ്രയാര്‍ ഗോപാലകൃഷ്ണന്‍- അഭിഷേക് സിംഗ്വി
6. പന്തളം രാജകുടുംബം- അഡ്വ. സായി ദീപക്
7. ബ്രാഹ്മണസഭ- ശേഖര്‍ നഫാഡെ
എതിര്‍ത്തവര്‍ വാദിച്ചത്

ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതാണ് യുവതീ പ്രവേശന വിലക്കിന് കാരണം.

ഭരണഘടനാ ധാര്‍മ്മികത വിശ്വാസത്തിന് കീഴ്‌പ്പെട്ടിരിക്കുന്നു.

മതപരമായ കാര്യങ്ങള്‍ യുക്തികൊണ്ട് പരിശോധിക്കാനാവില്ല.

മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്ന് സുപ്രീംകോടതി തന്നെ വിധിച്ചിട്ടുണ്ട്.

ദേവതയുടെ ഭാവം പ്രധാനമാണ്.

ക്ഷേത്രത്തിന്റെ അവിഭാജ്യ ആചാരവുമായി ആരാധനാ അവകാശം യോജിച്ചുപോകണം.

നിയന്ത്രണത്തിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ല.

ക്ഷേത്രത്തില്‍ പോകുന്നത് പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ല.

ഒരു ആചാരത്തെ സംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടത് ആ സമുദായമാണ്. കോടതിയല്ല.

ശബരിമല വിധി രാജ്യത്തെ മറ്റ് ആരാധനാലയങ്ങളിലെ ആചാരങ്ങളെയും ബാധിക്കും.

സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്

വിധി പുനഃപരിശോധിക്കേണ്ടതില്ല.

യുവതികളെ മാറ്റിനിറുത്തുന്നത് ഹിന്ദുമതത്തിന്റെ അവിഭാജ്യഘടകമല്ല.

ഒരു ക്ഷേത്രത്തിന്റെ ആചാരം ഒരു മതത്തിന്റെ അവിഭാജ്യ ആചാരമല്ല.

ശബരിമല പൊതുക്ഷേത്രമാണ്.

മൗലികാവകാശങ്ങളെ ഹനിക്കുമ്ബോള്‍ മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാം.

ദേവസ്വം ബോര്‍ഡ്

വിധിയെ ബഹുമാനിക്കുന്നു.

ആരാധനാ അവകാശത്തില്‍ ലിംഗ വിവേചനം പാടില്ല.

തന്ത്രി കണ്ഠരര് രാജീവര്, എന്‍.എസ്.എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആള്‍ കേരള ബ്രാഹ്മണ ഫെഡറേഷന്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണമേനോന്‍, പി.സി. ജോര്‍ജ്, രാഹുല്‍ ഈശ്വര്‍ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 56 റിവ്യൂ ഹര്‍ജികളാണ് ഉണ്ടായിരുന്നത്. വി.എച്ച്‌.പി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.ജെ.ആര്‍. കുമാര്‍, ദേശീയ അയ്യപ്പ ഭക്ത അസോസിയേഷന്‍ പ്രസിഡന്റ് ശൈലജ വിജയന്‍, തമിഴ്നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ ജി. വിജയകുമാര്‍, അഖില ഭാരതീയ മലയാളി സംഘ് എന്നിവര്‍ റിട്ട് ഹര്‍ജിയും നല്‍കി. ഹൈക്കോടതിയിലെ ശബരിമല ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ രണ്ട് ട്രാന്‍സ്ഫര്‍ ഹര്‍ജികള്‍, വിധി നടപ്പാക്കാന്‍ സാവകാശം തേടി ദേവസ്വംബോര്‍ഡ് നല്‍കിയ ഹര്‍ജി തുടങ്ങിയവയും ചേര്‍ത്ത് ശബരിമലയുമായി ബന്ധപ്പെട്ട 65 ഹര്‍ജികള്‍ കോടതിയിലെത്തി.
ശബരിമല പുനഃപരിശോധനാ ഹര്‍ജികളെ എതിര്‍ത്ത് ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും പ്രവേശനം നടത്താന്‍ ശ്രമിച്ച രേഷ്മയും ഷനിലയും കോടതിയെ സമീപിച്ചിരുന്നു. യുവതീ പ്രവേശനം അനുവദിച്ച സെപ്‌തംബര്‍ 28ലെ വിധി സ്ത്രീകളുടെ അന്തസും സ്വാതന്ത്ര്യവും തുല്യതയും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് വാദം.
സെപ്‌തംബര്‍ 28ലെവിധി
പ്രായഭേദമെന്യേ ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം അനുവദിച്ച്‌ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുള്‍പ്പെടുന്ന ഭരണഘടനാ ബെഞ്ച് 2018 സെപ്തംബര്‍ 28നാണ് ഭൂരിപക്ഷ വിധി പറഞ്ഞത്. യുവതീ പ്രവേശന നിയന്ത്രണം ആചാരമാണെന്നും തൊട്ടുകൂടായ്മയല്ലെന്നുംചൂണ്ടിക്കാട്ടി ബെഞ്ചിലെ ഏക വനിതാ അംഗമായ ഇന്ദുമല്‍ഹോത്ര എതിര്‍ത്ത് വിധിയെഴുതി. ദീപക് മിശ്ര വിരമിച്ചതിനാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് റിവ്യൂ ബെഞ്ചിലെത്തി.
ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം വിലക്കുന്ന 1965 ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടത്തിന്റെ മൂന്നാം(ബി) വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് കണ്ടാണ് റദ്ദാക്കിയത്. വിലക്ക് ഭരണഘടനാവിരുദ്ധമാണ്. തുല്യതയ്ക്കും അന്തസിനുമുള്ള സ്ത്രീകളുടെ അവകാശത്തിന്റെയും ലംഘനമാണ്. ഭക്തി ലിംഗവിവേചനത്തിന് കാരണമാകരുത്. അയ്യപ്പഭക്തരെ പ്രത്യേക വിശ്വാസി സമൂഹമായി കാണാനാവില്ല. ജാതി, ലിംഗഭേദങ്ങളില്ലാതെ ഹിന്ദുമതത്തിലെ ഏതൊരു വിശ്വാസിക്കും ക്ഷേത്രപ്രവേശനത്തിനും പ്രാര്‍ത്ഥനയ്ക്കുമുള്ള അവകാശമുണ്ട്. പരിശുദ്ധിയുടെ പേരിലുള്ള വിലക്ക് തൊട്ടുകൂടായ്മയുടെ ഭാഗമാണെന്നും ഭൂരിപക്ഷ വിധി വ്യക്തമാക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: