തോമസ് ചാണ്ടിക്കായി ഹൈക്കോടതിയില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് എം.പി

കൊച്ചി: ഭൂമി കയ്യേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കായി കോടതിയില്‍ ഹാജരാകുന്നത് കോണ്‍ഗ്രസ് എം.പി. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ വിവേക് തന്‍ഖ ഹാജരാകും. ഹൈക്കോടതിയില്‍ ഹാജരാകുന്നതിന് തന്‍ഖ കൊച്ചിയില്‍ എത്തി. നാളെയാണ് തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നത്. 
ലേക്ക് പാലസ് കമ്പനിയുടെ വാദം കേള്‍ക്കാതെയാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതിനാല്‍ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്ന വാദമുയര്‍ത്തിയാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ മാധ്യമങ്ങള്‍ റിപ്പേര്‍ട്ട് ചെയ്യുന്നത് തടയണമെന്നും തോമസ് ചാണ്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 
മന്ത്രി തോമസ് ചാണ്ടിയുടേയും ബന്ധുവിന്റേയും ഭൂമി ഇടപാടുകളില്‍ ഭൂസംരക്ഷണ നിയമവും നെല്‍വയല്‍, തണ്ണീര്‍ത്തട നിയമവും ലംഘിച്ചതായും കയ്യേറ്റം സ്ഥിരീകരിച്ചതായുമാണ് ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ട്. നികത്തിയ സ്ഥലം പൂര്‍വസ്ഥിതിയിലാക്കണമെന്നും ഇതിന് പിന്തുണ നല്‍കിയ റവന്യു, ജലവിഭവ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വകരിക്കണമെന്നും കളക്ടറുടെ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: