മണ്ണ്-ജല സംരക്ഷണത്തിനായി ജില്ലയില്‍ നീരുറവ് നീര്‍ത്തട പദ്ധതി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീരുറവ് നീര്‍ത്തട പദ്ധതി ജില്ലയില്‍ വ്യാപിപ്പിക്കുന്നു. മണ്ണ്, ജലം, ജൈവ സമ്പത്ത് എന്നിവയുടെ തനിമ നിലനിര്‍ത്താന്‍ വികസന പ്രവര്‍ത്തനങ്ങളില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തുകയാണ് ലക്ഷ്യം. ഹരിത കേരളം മിഷന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ 664 ചെറു നീര്‍ത്തടങ്ങള്‍ ഉള്‍പ്പെടുന്ന നീര്‍ത്തട പദ്ധതി രേഖ പരിഷ്കരിച്ചാണ് വികസന പദ്ധതികള്‍ തയ്യാറാക്കുന്നത്. ഇതോടൊപ്പം ചെറു നീര്‍ത്തടങ്ങളുടെ അതിര്‍ത്തി ഡിജിറ്റല്‍ മാപ്പില്‍ രേഖപ്പെടുത്തി തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍ മാപ്പുകളില്‍ അടയാളപ്പെടുത്തും. വികസന സാധ്യതകള്‍ ഡിജിറ്റല്‍ രൂപത്തില്‍ പരിശോധനക്ക് വിധേയമാക്കും. നീര്ത്തടങ്ങളില് ഒരു വര്‍ഷം കൊണ്ട് നടപ്പാക്കാന്‍ സാധിക്കുന്ന മണ്ണ്-ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ കര്‍മ്മ പദ്ധതികളും തയ്യാറാക്കും. തൊഴിലുറപ്പ് പദ്ധതിക്ക് പുറമേ കൃഷി, മണ്ണ് ജലസംരക്ഷണം, ജലസേചനം, മൃഗസംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളുടെ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുക. ചെറു നീര്‍ത്തടങ്ങളുള്ള തദ്ദേശ വാര്‍ഡുകളെ ഹരിത സമിതി വാര്‍ഡുകളാക്കും. ഒന്നിലധികം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നീര്ത്തടങ്ങള്ക്കായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കര്‍മ്മ പദ്ധതി ആവിഷ്കരിക്കുക.
ഓരോ പഞ്ചായത്തിലെയും നീര്ച്ചാല് ശൃംഖലകള്‍ കണ്ടെത്തി അവയുടെ വൃഷ്ടിപ്രദേശങ്ങളില്‍ അനുയോജ്യമായ പരിപാലന പ്രവൃത്തികള്‍ നടത്താന്‍ സമഗ്ര പദ്ധതി നടപ്പാക്കും. ഇതിനായി മുഴുവന്‍ പഞ്ചായത്തുകളിലും സാങ്കേതിക സമിതി യോഗങ്ങളും ആസൂത്രണവും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കലും നടത്തും.
ജില്ലയിലെ പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ശില്‍പ്പശാല നടന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്, കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി സുരേന്ദ്രന്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര് സജീവന്, ഹരിത കേരള മിഷന് ജില്ലാ കോഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, എഞ്ചിനീയര്‍ സി ആര് ആതിര എന്നിവര്‍ നേതൃത്വം നല്കി.