ഉത്തരമലബാറിനോടുള്ള റെയില്‍വേ യാത്രക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം: എസ്.ഡി.പി.ഐ

കണ്ണൂര്‍: ഉത്തരമലബാറിലെ റെയില്‍വേ യാത്രക്കാരോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കാലങ്ങളായി ആവശ്യപ്പെടുന്ന തീവണ്ടികള്‍ പോലും അനുവദിക്കാത്തത് കാരണം യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാവാത്തതാണ്. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട് മേഖലകളിലേക്കുള്ള എല്ലാ ട്രെയിനുകളിലും തിരക്ക് കാരണം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. രാവിലെയും വൈകുന്നേരങ്ങളിലും ഉണ്ടാവുന്ന വന്‍ തിരക്ക് പര്യാപ്തമായ സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ട് യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട് . ജോലി ആവശ്യത്തിനും പഠനത്തിനും മറ്റുമൊക്കെ സ്ഥിരമായി യാത്ര ചെയ്യുന്നവരാണ് ഇതുകാരണം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. എല്ലാ റെയില്‍വേ ബജറ്റുകളിലും മലബാറിനോട് പ്രത്യേകിച്ച് ഉത്തരമലബാറിനോട് കടുത്ത അവഗണന തുടരുകയാണ്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് വികസനം ത്വരിതഗതിയിലാക്കേണ്ടത് അത്യാവശ്യമാണ്. ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ വളരെ ബുദ്ധിമുട്ടുന്നുണ്ട്. എസ്കലേറ്റര്‍ സൗകര്യവും പലപ്പോഴും പ്രവര്‍ത്തനരഹിതമാണ്. രാത്രികാലങ്ങളില്‍ ആവശ്യമായ സുരക്ഷയൊരുക്കാനും തയ്യാറാവണം. കണ്ണൂരില്‍ നിര്‍ത്തിയിടുന്ന ജനശതാബ്ദി എക്സ്പ്രസ് കാസര്‍കോട്ടേക്ക് നീട്ടുക, കിഴക്കുഭാഗത്ത് ഒരു ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിക്കുക, ജീവനക്കാരുടെ കുറവ് നികത്തുക തുടങ്ങിയ ആവശ്യങ്ങളൊന്നും അധികൃതര്‍ മുഖവിലയ്ക്കെടുക്കുന്നില്ല. ഇടയ്ക്കിടെ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുന്ന ചടങ്ങിലൊതുങ്ങുകയാണ്. ആയതിനാല്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് വികസനം അടിയന്തരമായി നടപ്പാക്കി യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും എസ്.ഡി.പി.ഐ. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ചു ഒക്ടോബർ 18 ന് കണ്ണൂർ റെയിൽവേ സ്റ്റേഷന് മുൻപിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും
യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീൻ അധ്യക്ഷത വഹിച്ചു. ബഷീർ കണ്ണാടിപറമ്പ. ഷക്കീൽ ഉരുവച്ചാൽ, എ ഫൈസൽ , മുസ്തഫാ നാറാത്ത് എന്നിവർ സംസാരിച്ചു. അബ്ദുള്ള നാറാത്ത്, ഉമ്മർ മാസ്റ്റർ, ഷഫീക് പിസി. തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.