രജനി രമാനന്ദിന് സ്വീകരണം നല്കി
മതിലല്ല വേണ്ടത് രാഷ്ട്രീയ ബോധമുള്ള മനസ്സ് : അഡ്വ.മാര്ട്ടിന് ജോര്‍ജ്ജ്

കണ്ണൂര്‍: നവോത്ഥാനമെന്ന പേരില്‍ മതില് കെട്ടിയത് കൊണ്ടായില്ല ഉറച്ച രാഷ്ട്രീയ ബോധമാണ് വനിതകളെ മുന്നോട്ട് നയിക്കേണ്ടതെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. മാര്ട്ടിന് ജോര്‍ജ്ജ് പറഞ്ഞു. രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ പത്തൊന്‍പത് ദിവസവും പങ്കെടുത്ത മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദിന് മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റി ഡി സി സിയില്‍ നല്കിയ സ്വീകരണം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനത്തിന്റെ ആളുകളെന്ന് മേനി നടിച്ചവര്‍ അന്ധ വിശ്വാസങ്ങള്‍ക്കും, നരബലിക്കും പിന്നാലെ പോകുന്ന കാഴ്ചയാണ് കേരളം നടുക്കത്തോടെ കണ്ടുകൊണ്ടിരിക്കുന്നത്. കൃത്യമായ രാഷ്ട്രീയ നിലപാടിന്റെ അഭാവമാണ് ഇത്തരമൊരവസ്ഥയ്ക്ക് വഴിവെച്ചത്. പുരോഗമനം പേരില്‍ കൊണ്ടു നടക്കുന്ന പ്രസ്ഥാനങ്ങള്‍ ഇനിയെങ്കിലും അവര്‍ പിന്തുടരുന്ന നിലപാടുകള്‍ പുന:പരിശോധിക്കാന്‍ തയ്യാറാകണം. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കേരളത്തിലാകെ കോണ്‍ഗ്രസിന് ഉണര്‍വ്വ് പകര്‍ന്നിരിക്കുകയാണ്. അതുണ്ടാക്കിയ അലയൊലികള്‍ രാജ്യമാകെ പ്രതിഫലിക്കുകയാണ്. കോണ്‍ഗ്രസിനും പോഷക സംഘടനകള്‍ക്കുമെല്ലാം ഒരുപോലെ ഉണര്വ്വായിരിക്കുകയാണ് ഭാരത് ജോഡോ യാത്രയെന്നും മാര്ട്ടിന് ജോര്‍ജ്ജ് പറഞ്ഞു.ഉഷ കാപ്പാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്യാമള ഇ പി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സതീശൻ പാച്ചേനി, കൃഷ്ണകുമാരി, ഡെയ്സി സ്കറിയ,വസന്ത കെ പി,സി ടി ഗിരിജ,രജിത്ത് നാറാത്ത്, നസീമ ഖാദർ, ചന്ദ്രിക സതീഷ്,ശ്രീജ മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു.