ജനകീയാവശ്യത്തിൻ്റെ വിളംബരമായി ധർണ്ണ:
എടക്കാട് നിലനിൽക്കാൻ അടിപ്പാത അനിവാര്യം:
കെ വി സുമേഷ്
കണ്ണൂർ:   നിർദ്ദിഷ്ട നാഷണൽ ഹൈവേ ആറുവരിപ്പാതക്ക്  എടക്കാട് ടൗണിൽ അടിപ്പാത  അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ കണ്ണൂർ എൻ.എച്ച് അതോറിറ്റി പ്രോജക്ട് ഓഫീസിന് മുന്നിൽ  സംഘടിപ്പിച്ച ബഹുജന ധർണ്ണ നാടിൻ്റെ ഒറ്റ സ്വരത്തിലുള്ള ഉൽക്കണ്ഠയും  ആവശ്യവും വിളിച്ചറിയിക്കുന്നതായി.

വിവിധ രംഗങ്ങളിൽ പ്രശസ്തവും ശ്രദ്ധേയവുമായ  എടക്കാട് പ്രദേശം സജീവമായി നിലനിൽക്കാൻ പുതിയ നാഷണൽ ഹൈവേ റോഡിൽ അടിപ്പാത നിർബന്ധമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് എംഎൽഎ കെ വി സുമേഷ് പറഞ്ഞു.

കോടാനുകോടി രൂപ ചെലവിട്ട് റോഡ് വികസനം സാധ്യമാവുമ്പോൾ ഏറ്റവും ജനവാസമുള്ള എടക്കാട് രണ്ടായി വിഭജിക്കപ്പെടും.  മാത്രമല്ല യാത്രാ സൗകര്യത്തിനായ് വട്ടം കറങ്ങേണ്ടിയും വരും. പ്രദേശവാസികളുടെ അടിസ്ഥാനാവശ്യത്തിന്  പ്രാധാന്യം നൽകിക്കൊണ്ടുള്ള തീരുമാനം അധികൃതർ സ്വീകരിച്ചേ പറ്റൂ എന്ന് അദ്ദേഹം പറഞ്ഞു.

കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി പ്രേമവല്ലി അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ കെ.  ഗിരീശൻ, സി.ഒ രാജേഷ്,  കെ.വി ജയരാജൻ, പി. പ്രകാശൻ മാസ്റ്റർ, എൻ. പി താഹിർ, ആർ.  ഷംജിത്ത്, കെ ശിവദാസൻ മാസ്റ്റർ, മുസ്തഫ നാറാത്ത്, എ.എം ഹനീഫ, കെ. രാജേന്ദ്രൻ, എം അഷ്റഫ്  സംസാരിച്ചു. പി.കെ പുരുഷോത്തമൻ സ്വാഗതവും എം.കെ അബൂബക്കർ നന്ദിയും പറഞ്ഞു.

താണയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. എൻ.എച്ച് അണ്ടർപാസ്സ് ആക്ഷൻ കമ്മിറ്റി ചെയർമാൻ പി.കെ പുരുഷോത്തമൻ, ജനറൽ കൺവീനർ ഒ. സത്യൻ, കടമ്പൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ പ്രസീത പ്രേമരാജൻ, വി.കെ റസാഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി ജയരാജൻ,  വാർഡ് മെമ്പർമാരായ സി.പി സമീറ, വി. ശ്യാമള, കെ.സി പ്രസാദ്, രമ്യ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ ഗിരീശൻ, പി. ഹമീദ് മാസ്റ്റർ, സി.പി മനോജ്, മഗേഷ് എടക്കാട്, അബൂട്ടി പാച്ചാക്കര, ടി.കെ സാഹിർ തുടങ്ങിയവർ നേതൃത്വം നൽകി. ധർണ്ണയോടനുബന്ധിച്ച് എടക്കാട് ബസാർ സമ്പൂർണ്ണ ഹർത്താൽ ആചരിച്ചു. നാഷണൽ ഹൈവേ അതോറിറ്റി അധികൃതരുമായി എം.എൽ.എ യുടെ നേതൃത്വത്തിൽ ചർച്ച നടത്തി. അടിപ്പാത ആവശ്യം പരിഗണിക്കുമെന്ന് അവർ ഉറപ്പ് നൽകി. അടിപ്പാതക്കുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: