ഇരിട്ടി ബസ്റ്റാന്റ് – പയഞ്ചേരി ബൈപാസ് റോഡ് യാഥാർഥ്യമാക്കാൻ നടപടി തുടങ്ങി

0

ഇരിട്ടി : വർഷങ്ങളായി പറഞ്ഞു കേൾക്കുന്ന ഇരിട്ടി പുതിയ ബസ് സ്റ്റാന്റ് – പയഞ്ചേരി ബൈപാസ് റോഡ് യാഥാർഥ്യമാക്കാനുള്ള നടപടികൾ ഇരിട്ടി നഗരസഭ ആരംഭിച്ചു. ഇരിട്ടി ബസ് സ്റ്റാന്റിൽ നിന്നും ബ്ലോക്ക് ഓഫീസിന്റെ പിൻവശം വഴി ഇരിട്ടി – പേരാവൂർ റോഡിൽ എത്തുന്ന രീതിയിൽ ബൈപ്പാസ് റോഡ് നിർമ്മിക്കാനാണ് നഗരസഭാ ശ്രമമാരംഭിച്ചത് . റോഡിനായി കണ്ടെത്തേണ്ട സ്ഥലത്തിന്റെ കിടപ്പും മറ്റും താലൂക്ക് സർവേയറുടെയും നഗരസഭാ അധികൃതരുടെയും നേതൃത്വത്തിൽ ബുധനാഴ്ച അളന്നു പരിശോധിച്ചു .
ഇപ്പോൾ തന്നെ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഉപയോഗിച്ച് നിർമ്മിച്ച അഞ്ച് മീറ്ററോളം വീതിയുള്ള മൺ റോഡ് ഇവിടെ യുണ്ട് . പഴശ്ശി പദ്ധതിയുടേ സ്ഥലത്ത് നിർമ്മിച്ചതെന്ന് കരുതിയിരുന്ന റോഡ് സ്വകാര്യ വ്യക്തികളുടെ സ്ഥലം ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് കണ്ടെത്തി. ഇതിനു ശേഷം വരുന്ന ഏതാനും ചില വ്യക്തികളുടെ സ്ഥലം റോഡിനായി വിട്ടുനൽകാമെന്നും ഉടമകൾ സമ്മതിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ ബസ് സ്റ്റാന്റിൽ നിന്നും നേരിട്ട് ഈ റോഡിലേക്കെത്താൻ ചെറിയ കോൺക്രീറ്റ് പാലം പോലുള്ള സംവിധാനം വേണ്ടിവരും. ഈ സ്ഥലം പഴശ്ശി പദ്ധതിയുടെ വെള്ളം കയറിക്കിടക്കുന്ന പ്രദേശവുമാണ്. പാലമാകുമ്പോൾ മറ്റു തടസ്സങ്ങളൊന്നും പദ്ധതി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നാണ് കണക്ക് കൂട്ടുന്നത്. ഗവർമെന്റിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ പാലം യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് നഗരസഭാ അധികൃതർ കരുതുന്നത്.
ബൈപ്പാസ് റോഡ് എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത പറഞ്ഞു. ഇത് നാട്ടുകാരുടെ കുറെ വർഷത്തെ ആഗ്രഹമാണെന്നും അവരും ഇതോടൊപ്പം നല്ലപോലെ സഹകരിക്കുന്നുണ്ടെന്നും ശ്രീലത പറഞ്ഞു. ചെയർ പേഴ്‌സനെ കൂടാതെ നഗരസഭാ ഉപാദ്ധ്യക്ഷൻ പി.പി. ഉസ്മാൻ, കൗൺസിലർമാരായ എ.കെ. രവീന്ദ്രൻ, വി.പി. അബ്ദുൾ റഷീദ് , താലൂക്ക് സർവേയർ രവീന്ദ്രൻ കണോത്ത് എന്നിവരും സ്ഥലം അളന്ന് പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading