സിപിഎം സഹകരണ സംഘത്തിലെ ചിട്ടി തട്ടിപ്പ്: ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ സമരസമിതി നേതാക്കളെ അടിയന്തര ചർച്ചയ്ക്ക് വിളിച്ചു


പേരാവൂർ: പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി, ഇടപാടുകാരുമായി സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഇന്ന് ചർച്ച നടത്തും. കണ്ണൂർ നായനാർ മന്ദിരത്തിൽ വച്ച് 1 മണിക്കാണ് ചർച്ച. സമരസമിതി ചെയർമാൻ കെ. സനീഷ്, കൺവീനർ സിബി മേച്ചേരി, സെക്രട്ടറി വിനോദ് തത്തുപാറ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച സി പി എം നെടുംപൊയിൽ ലോക്കൽ സെക്രട്ടറിയും സംഘം മുൻ പ്രസിഡൻ്റുമായിരുന്ന കെ. പ്രിയൻ്റെ കൊമ്മേരി കറ്റ്യാട്ടുള്ള വീട്ടിലേക്ക് നിക്ഷേപകർ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് ജില്ലാ നേതൃത്വം ഇടപെട്ടത്. പിറ്റേ ദിവസം നെടുപൊയിൽ ലോക്കൽ സമ്മേളനം നടക്കാനിരിക്കെ ചിട്ടി ഇടപാടുകാർ സമരം നടത്തിയാൽ പാർട്ടി പ്രതിസന്ധിയിലാകും എന്ന വിലയിരുത്തലിനെ തുടർന്നാണ് കോളയാട് ലോക്കൽ കമ്മിറ്റി നേതാക്കളുടെ ഇടപെടലിനെ തുടർന്നുള്ള ചർച്ച. വ്യാഴാഴ്ച രാവിലെ തന്നെ സമരസമിതി നേതാക്കളെ വിളിച്ച് ചർച്ചയ്ക്ക് എത്താൻ അറിയിക്കുക ആയിരുന്നു. . ചിട്ടിയുടെ ബാധ്യതകൾ പാർട്ടി ഇടപെട്ട് തീർക്കുമെന്ന് ഏരിയാ സെക്രട്ടറി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പണം തിരികെ ഇടപാടുകാർക്ക് നൽകാനുള്ള കാലാവധി പ്രഖ്യാപിച്ചില്ല. പണം തിരികെ നൽകാനുള്ള കാലാവധി കൃത്യമായി പറയാതെ സമരത്തിൽ നിന്ന് പിൻവാങ്ങില്ല എന്ന ഉറച്ച നിലപാടായിരുന്നു സമര സമിതി സ്വീകരിച്ചത്. ദീർഘകാലത്തേക്കുള്ള സമയ പരിധി പ്രഖ്യാപിക്കുകയും കാലവധി നീളും തോറും നിയമത്തിൻ്റെ നൂലാമാലകൾ വർധിക്കുകയും അതിലൂടെ നിക്ഷേപകരെ ഒതുക്കാനുള്ള തന്ത്രവുമാണ് ആരോപണ വിധേയരായവർ പ്രയോഗിക്കുന്നതെന്ന് ഇടപാടുകാർ സംശയിക്കുന്നു. പാർട്ടിയിൽ സ്വാധീനമുള്ള അവർ അതിന് പാർട്ടി സഹായം തേടുമെന്ന് ഉറപ്പായതുകൊണ്ടാണ് ഉറച്ച നിലപാടുമായി സമരസമിതി സമരമുഖത്ത് മുന്നോട്ട് പോയത്. എന്നാലും പ്രശ്ന പരിഹാരത്തിന് കൃത്യമായ ഫോർമുല പറയാൻ ആരോപണ വിധേയരായവർ തയാറായില്ല. ഇതേ തുടർന്നാണ് സംഘം മുൻ പ്രസിഡൻ്റിൻ്റെ വീട്ടിലേക്ക് സമരസമിതി മാർച്ച് പ്രഖ്യാപിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: