കൈകളുടെ ശുചിത്വം എല്ലാവര്‍ക്കും;
ഒക്ടോബര്‍ 15 ആഗോള കൈകഴുകല്‍ ദിനം

ഒക്ടോബര്‍ 15 ആഗോള കൈകഴുകല്‍ ദിനമായി ആചരിക്കുന്നു. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കൈകളുടെ ശുചിത്വം ഉറപ്പു വരുത്തേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ നാരായണ നായ്ക് അറിയിച്ചു. കൈകള്‍ അണു വിമുക്തമാക്കുക, ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയിലൂടെ മാത്രമേ കൊവിഡിനെ പ്രതിരോധിക്കാനാവൂ. സോപ്പുപയോഗിച്ച് കൈകഴുകുന്നത് ശീലമാക്കണം. രോഗങ്ങള്‍ വരാതിരിക്കാനും മറ്റുള്ളവര്‍ക്ക് പകര്‍ത്താതിരിക്കാനും സോപ്പുപയോഗിച്ചുള്ള കൈകഴുകലിലൂടെ സാധിക്കും. കണ്ണ്, മൂക്ക് ,വായ, എന്നിവ കൈകള്‍ കൊണ്ട് അറിയാതെ സ്പര്‍ശിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. അതുകൊണ്ടു തന്നെ കൈകളുടെ ശുചിത്വം ഏറെ പ്രധാനമാണ്. ദിവസവും കുറഞ്ഞത് ആറു തവണയെങ്കിലും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. ഭക്ഷണത്തിനു മുന്‍പും ശേഷവും മാത്രമല്ല ശൗചാലയങ്ങള്‍ ഉപയോഗിച്ച ശേഷവും കൈകള്‍ വൃത്തിയാക്കണം.രോഗാണുക്കളെ ഇല്ലാതാക്കും വിധം ശരിയായ വിധത്തില്‍ കഴുകുക എന്നത് പ്രധാനമാണ്. കൊവിഡ് കാലത്ത് സമ്പര്‍ക്ക സാധ്യതയുള്ള വസ്തുക്കള്‍, പ്രതലങ്ങള്‍ എന്നിവ സ്പര്‍ശിച്ചാലും പണമിടപാടുകള്‍ നടത്തിയാലും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുന്നത് രോഗപകര്‍ച്ച തടയാന്‍ സഹായിക്കുമെന്നും ഡോ.നാരായണ നായ്ക് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: