കൂടത്തായി കൊലപാതക പരമ്പര വെളിച്ചത്ത് കൊണ്ടുവന്ന പരാതിക്കാരന്‍: റോജോ നാട്ടിലെത്തി.

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പരാതി നല്‍കിയ റോ‌ജോ നാട്ടിലെത്തി. അമേരിക്കയിലായിരുന്ന റോജോ അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് നാട്ടിലെത്തിയത്. നെ‌ടുമ്പാശേരിയില്‍ വിമാനമിറങ്ങിയ റോ‌ജോ പൊലീസ് അകമ്പടിയോടെ കോട്ടയം വൈക്കത്തെ സഹോദരി റെഞ്ചിയുടെ വീട്ടിലേക്കാണ് എത്തിയത്. ജോളിയുടെ ആദ്യഭര്‍ത്താവായ കൊല്ലപ്പെട്ട റോയിയുടെ സഹോദരനാണ് റോജോ. കേസിന്റെ രണ്ടാംഘട്ടത്തിലാണ് റോജോയെ അന്വേഷണ സംഘം നാട്ടിലേക്ക് വിളിപ്പിച്ചത്.

റോജോയുടെ പരാതിയുടെയും മൊഴിയുടെയും വിവരാവകാശത്തിന്റെ പകര്‍പ്പും അടിസ്ഥാനമാക്കിയാണ് പൊലീസ് കൂടത്തായി കേസ് പുനരന്വേഷിക്കുന്നത്. റെഞ്ചിയും റോജോയും ആവശ്യപ്പെട്ട പ്രകാരം ഇരുവര്‍ക്കും വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കേസില്‍ റോജോയുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. കോഴിക്കോട് നിന്ന് ക്രൈംബ്രാഞ്ച് സംഘമെത്തി ഇന്നോ നാളെയോ ആയി കോട്ടയത്തെത്തി മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. മാധ്യമങ്ങളെ കാണരുതെന്ന് റോജോയ്ക്ക് നിര്‍ദ്ദേശമുണ്ടെന്നും സൂചനയുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: