കൂടത്തായി കൊലപാതക പരമ്ബര: ചോദ്യം ചെയ്യലിനെ നേരിടാന്‍ ജോളിക്ക് പരിശീലനം ലഭിച്ചുവെന്ന് പൊലീസ്

കൂടത്തായി കൊലക്കേസിലെ പ്രതി ജോളി ജോസഫിന് ചോദ്യം ചെയ്യലിനെ എങ്ങനെ നേരിടണമെന്നു കൃത്യമായി ഉപദേശം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ പൊലീസ്. വളരെ വിദഗ്ധമായാണു പൊലീസിന്റെ ചോദ്യങ്ങളെ ജോളി നേരിടുന്നത്. ഒടുവില്‍ തെളിവുകള്‍ നിരത്തുമ്ബോഴും നിസ്സംഗതയോടെയാണ് കുറ്റങ്ങള്‍ സമ്മതിക്കുന്നത്.
ടോം തോമസ്, അന്നമ്മ തോമസ് എന്നിവരെ കൊലപ്പെടുത്തിയത് തന്റെ ആദ്യഭര്‍ത്താവ് റോയി തോമസായിരിക്കും എന്നായിരുന്നു ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ ജോളിയുടെ നിലപാട്. എന്നാല്‍ അന്നമ്മയുടെ മരണസമയത്തു വീട്ടിലുണ്ടായിരുന്നവരുടെ മൊഴികള്‍ ചൂണ്ടിക്കാണിച്ചതോടെ ജോളി പ്രതിരോധത്തിലായി.ടോം തോമസ് മരിക്കുന്ന സമയത്തു വീട്ടില്‍ ജോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ജോലിക്കാരന്റെ മൊഴിയും ജോളിയാണു മരണവിവരം അറിയിച്ചതെന്ന അയല്‍വാസിയുടെ മൊഴിയും ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയതോടെ ടോം തോമസിന്റെ കൊലപാതകത്തിലും ജോളി കുറ്റം സമ്മതിച്ചു.റോയി തോമസിന്റേത് ആത്മഹത്യയാണെന്ന നിലപാടായിരുന്നു തുടക്കത്തില്‍ ജോളി സ്വീകരിച്ചത്. സയനൈഡ് നല്‍കിയെന്ന പ്രജികുമാറിന്റെയും മാത്യുവിന്റെയും മൊഴികള്‍ ചൂണ്ടിക്കാട്ടിയതോടെ മാത്യുവും റോയിയും തമ്മില്‍ ശത്രുത ഉണ്ടായിരുന്നെന്നും മാത്യുവായിരിക്കും സയനൈഡ് നല്‍കിയത് എന്നും ജോളി പറഞ്ഞു. എന്നാല്‍ സംഭവം നടന്ന ദിവസമോ അതിനടുത്ത ദിവസങ്ങളിലോ മാത്യു സ്ഥലത്ത് ഇല്ലാതിരുന്നതും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസ് ചൂണ്ടിക്കാട്ടിയതോടെ ജോളി കുറ്റം സമ്മതിച്ചു.ജോളിയുമായി ബന്ധമുള്ള 2 അഭിഭാഷകരാവാം ചോദ്യം ചെയ്യലിനെ നേരിടാനുള്ള വിദഗ്ധ പരിശീലനം നല്‍കിയതെന്നാണു പൊലീസിന്റെ നിഗമനം. അറസ്റ്റിലാവുന്നതിന്റെ തലേദിവസം ജോളി കുന്നമംഗലത്തുള്ള ഒരു അഭിഭാഷകനെ കാണാന്‍ പോയതായി വിവരം ലഭിച്ചിട്ടുണ്ട്. മറ്റൊരു അഭിഭാഷകനുമായി ജോളിക്കു ദീര്‍ഘകാലത്തെ അടുപ്പമുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: