മുഴപ്പിലങ്ങാട് ഡയാലിസിസ് സെന്റർ യാഥാർത്ഥ്യമാകുന്നു

മുഴപ്പിലങ്ങാട്: വൃക്കരോഗികളുടെ എണ്ണം അഭൂതപൂർണമായി വർധിക്കുന്ന സാഹചര്യത്തിൽ

ഡയാലിസിസിന് ക്ലേശിക്കുന്നവരുടെ ദുരിതത്തിന് സമാശ്വാസമായി മുഴപ്പിലങ്ങാട്ട് ഡയാലിസിസ് കേന്ദ്രം തുടങ്ങാനുള്ള പരിശ്രമം സാക്ഷാൽക്കാരത്തിലേക്ക്.

ശ്രീ നാരായണ മoത്തിന് സമീപം ‘തറവാട്’ സന്തോഷ ഭവനത്തിന്റെ കാംപസിൽ പണിത പുതിയ കെട്ടിടത്തിൽ ഈ വർഷം ഡിസമ്പറോടെ ഡയാലിസിസ് സെന്റർ പ്രവർത്തനമാരംഭിക്കും. കിഡ്നി രോഗീ പരിചരണത്തിലും അഗതി സംരക്ഷണത്തിലും പ്രശസ്തമായ വടകര ‘തണലു’ മായി കൈകോർത്ത് ‘തറവാടി’ ന്റെ സംരംഭകരായ നന്മ ചാരിറ്റബിൾ ട്രസ്റ്റ് ആണ് കേന്ദ്രം സ്ഥാപിക്കുന്നത്.

തുടക്കത്തിൽ 10 മെഷീനുകളിലായി 60 രോഗികൾക്ക് ഡയാലിസിസ് സാധ്യമാകും. അർഹരായവർക്ക് തികച്ചും സൗജന്യമായും, മറ്റുള്ളവർക്ക് മിതമായ നിരക്കിലുമാണ് സേവനം നൽകുക. ചെറുപഞ്ചായത്തായ മുഴപ്പിലങ്ങാട്ട് പോലും നിലവിൽ 25 ലധികം ഡയാലിസിസ് ആവശ്യമായവർ ഉണ്ടെന്നിരിക്കെ, സമീപ പഞ്ചായത്തുകളിലും പ്രദേശങ്ങളിലുമുള്ള നിരവധി രോഗികളുടെ യാതനയ്ക്ക് ഈ സെന്റർ പരിഹാരമാകുമെന്നത് ഉറപ്പാണ്. പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപ സൗജന്യ ഡയാലിസിസ് ചെലവുകൾക്ക് കണ്ടെത്തേണ്ടി വരുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിന് ഉദാരമതികളുടെ സഹായമാണ് പ്രതീക്ഷിക്കുന്നത്.

തറവാട് – തണൽ ഡയാലിസിസ് സെന്ററിന്റെ പ്രഖ്യാപന കൺവെൻഷൻ എസ്.എൻ. ഓഡിറ്റോറിയത്തിൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി. ഹാബിസ് ഉദ്ഘാടനം ചെയ്തു. ‘തണൽ’ ചെയർമാൻ ഡോ: വി.ഇദ് രീസ് മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ വെച്ച് സെന്ററിലേക്ക് അഞ്ചര ലക്ഷത്തിലധികം വിലവരുന്ന ഓരോ ഡയാലിസിസ് മെഷീനുകൾ കാരാകുനി എ.കെ. മൂസ മാസ്റ്റർ, കണ്ടത്തിൽ അബ്ദുൽ അസീസ്, എ.കെ.മുസ്തഫ കുങ്ങന്റെവളപ്പിൽ, ടി.സി.ഇബ്റാഹിം ചാലക്കണ്ടി എന്നിവർ സംഭാവന ചെയ്യുന്നതായി പ്രഖ്യാപിച്ചു. മറ്റ് നിരവധി സഹായ വാഗ്ദാനങ്ങളും ലഭിച്ചു. അബ്ദുൽ ഖാദർ പനക്കാട് അധ്യക്ഷത വഹിച്ചു. എ.പി. ഹാഷിം ബപ്പൻ സ്വാഗതവും ബി. ഫസൽ നന്ദിയും പറഞ്ഞു. പത്താം വർഷത്തിലേക്ക് കടന്ന ‘തറവാടി’ നെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും ഉണ്ടായി.
=============================

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: