കണ്ണൂർ: പഴശ്ശി ഡാമില്‍ വിനോദ സഞ്ചാരികൾക്കായി നിർമ്മിച്ച ശൗചാലയം കാട് കയറി നശിക്കുന്നു

ഇരിട്ടി: പഴശ്ശി ഡാമില്‍ വിനോദ സഞ്ചാരികളായി എത്തുന്നത് ആയിരത്തില്‍ പരം ആളുകള്‍. സഞ്ചാരികള്‍ക്ക് മൂത്രശങ്കയുള്‍പെടെ

തീര്‍ക്കാന്‍ ഉള്ള ആധുനീക ശൗചാലയം കാട് കയറി നശിക്കുന്നു. സഞ്ചാരികളെ ആകര്‍ഷിക്കാനായി പഴശ്ശി ഡാമിനോട് ചേർന്ന് ഡി.ടി.പി.സി നിര്‍മിച്ച ഉദ്യാനത്തോടനുബന്ധിച്ചുള്ള ശൗചാലയങ്ങളാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചെങ്കല്‍ ചെത്തി മനോഹരമായി നിര്‍മിച്ച കെട്ടിടത്തിനകത്താണ് ശൗചാലയങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. ഡി.ടി.പി.സി ആണ് ഇതിന്റെ കൈവശക്കാരെങ്കിലും ശൗചാലയ നവികരണത്തിന് യാതൊരുനടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. കണ്ണൂര്‍ വിമാനതാവളം സന്ദര്‍ശകര്‍ക്കായി തുറന്നതോടെ സ്‌കൂള്‍ – കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പെടെ നിരവധി പേരാണ് ഇവിടെ എത്തുന്നത്. കഴിഞ്ഞ ദിവസം വിമാന താവളം കണ്ട് മടങ്ങിയ സ്ത്രീകളും കുട്ടികളും ഉള്‍പെടെയുള്ളവര്‍ പഴശ്ശി ഡാം കാണുന്നതിനായി എത്തിയെങ്കിലും പൊതു ശൗചാലയ സൗകര്യ മില്ലാത്തതിനാൽ ശൗചാലയത്തിനായി ഇറിഗേഷന്‍ വകുപ്പിന്റെ ഓഫീസ് ടോയിലറ്റും സമീപത്തെ ചില വീടുകളെയുമാണ് ആശ്രയിച്ചിത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ശൗചാലയം കാട് കയറി നശിക്കുമ്പോള്‍ ഡിടിപിസി മറ്റൊരു ടോയ്‌ലറ്റ് ബ്ലോക്ക് ഉണ്ടാക്കി ലക്ഷങ്ങള്‍ പാഴാക്കിയെങ്കിലും ഇത് വരെ സന്ദർശകർക്ക് തുറന്ന് നല്‍കിയിട്ടില്ല. കാട് കയറി നശിക്കുന്ന ടോയ്‌ലറ്റുകളില്‍ ചെറിയ അറ്റകുറ്റ പണി നടത്തിയാല്‍ വൈദ്യുതിയും, വാട്ടര്‍ സപ്ലൈയും പുനസ്ഥാപിക്കാനാകുമെന്നിരിക്കെയാണ് ശൗചാലയ നിർമ്മാണത്തിന്റെ മറവിൽ ലക്ഷങ്ങളുടെ ധൂര്‍ത്തും മറ്റൊരു വഴിക്ക് നടക്കുന്നത്. വിമാനതാവളം ഉദ്ഘാടനം ചെയ്യുന്നതോടെ വിനോദ സഞ്ചാര മേഖലയെന്ന നിലയിൽ വിദേശികൾ ഉൾപെടെയുള്ളവർ സന്ദർശനം നടത്താൻ സാധ്യതയുള്ള ജില്ലയിലെ തന്നെ പ്രധാന കേന്ദ്രമായ പഴശ്ശി ഡാമും അനുബന്ധ പരിസരത്തും പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അടിയന്തിരമായും ബന്ധപ്പെട്ടവർ ഇടപെട്ട് ടോയ്‌ലറ്റ് നവീകരണം നടത്തണമെന്ന ആവശ്യമാണ് ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുൾപെടെ ആവശ്യപ്പെടുന്നത്. നിലവിലുള്ള ടോയ്‌ലറ്റ് ബ്ലോക്ക് തുറന്നിട്ടതാണ് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടാന്‍ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: