കണ്ണൂർ പറന്നുയരുമ്പോൾ; വികസന പ്രതീക്ഷയുടെ കണ്ണുമായി തലശേരിയും..

തലശേരി:കണ്ണൂർ പറന്നുയരുമ്പോൾ തലശ്ശേരിയെ കാത്തിരിക്കുന്നത് വികസനത്തിന്റെ അനന്തസാധ്യത.

ഗതാഗത–അടിസ്ഥാന സൗകര്യ മേഖലകളിൽ വൻകുതിപ്പിനാണ് വഴിയൊരുങ്ങുന്നത്. വിമാനത്താവളത്തിന്റെ ഏറ്റവുമടുത്ത നഗരങ്ങളിലൊന്നായ പൈതൃകനഗരി യാത്രക്കാരുടെ ഇടത്താവളമായും വികസിക്കും. പഞ്ചനക്ഷത്ര ഹോട്ടലുകൾക്കും സാധ്യതയുണ്ട്. തീർഥാടന ടൂറിസമടക്കമുള്ള വിനോദസഞ്ചാരമേഖലയിലാണ‌് വലിയ കുതിപ്പ് പ്രതീക്ഷിക്കുന്നത്. പ്രകൃതിരമണീയമായ പട്ടണത്തിലേക്ക് വിദേശ, ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്കുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ.
ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ജഗന്നാഥക്ഷേത്രം, നൂറ്റാണ്ടുകളുടെ പഴക്കമുള്ള തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, ഓടത്തിൽ ജുമാ മസ്ജിദ്, സെന്റ്‌ ജോൺസ‌് പള്ളി, മാഹി സെന്റ്‌ തെരേസ ചർച്ച്, അണ്ടലൂർ കാവ് തുടങ്ങിയ ദേവാലയങ്ങൾ തീർഥാടന ടൂറിസ്റ്റുകളെ ആകർഷിക്കും. ആദ്യത്തെ വർത്തമാനപത്രത്തിന്റെ ഗർഭഗൃഹമായ ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവ്, കടൽപാലം, കോട്ട, പാണ്ടികശാലകൾ, ധർമടം തുരുത്ത്, ഓവർബറീസ്‌ഫോളി തുടങ്ങി കാഴ്ചകളേറെയുണ്ടിവിടെ. മയ്യഴി പുഴയിലൂടെ പ്രകൃതിയെ തൊട്ടറിഞ്ഞുള്ള യാത്രയ‌്ക്കും വിനോദസഞ്ചാരകുപ്പ് സൗകര്യമൊരുക്കുകയാണ്. അതിവേഗം നിർമാണം പുരോഗമിക്കുന്ന തലശേരി–മാഹി ബൈപാസ‌് കൂടി യാഥാർഥ്യമാവുന്നത് മലബാറിലെ വിമാനയാത്രക്കാർക്ക് അനുഗ്രഹമാണ്. തലശേരി, മാഹി ടൗണുകളിലെ ഗതാഗതക്കുരുക്കിൽപെടാതെ കോഴിക്കോട് ജില്ലയിലേക്ക് കടക്കാൻ യാത്രക്കാരെ ബൈപാസ് സഹായിക്കും. വിമാനത്താവളത്തിലേക്കുള്ള റോഡുകൾ മുഴുവൻ വികസിപ്പിക്കാനുള്ള നടപടിയും അതിവേഗം പുരോഗമിക്കുകയാണ്. കണ്ണൂർ വിമാനത്താവളത്തിന്റെ ബേസ് സർവീസ് സ്‌റ്റേഷനായി തലശേരി റെയിൽവേ സ്‌റ്റേഷൻ വികസിപ്പിക്കണമെന്ന ആവശ്യവും ഇതിനിടെ ഉയർന്നിട്ടുണ്ട്.
മലബാർ ക്യാൻസർ സെന്ററിലേക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്ന രോഗികളുടെ യാത്രയ‌്ക്കും വിമാനത്താവളം ആശ്വാസമാകും. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗികൾ ഇപ്പോൾ തന്നെ എംസിസിയിൽ ചികിത്സ തേടുന്നുണ്ട്. പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടാക്കി വികസിക്കുമ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ എംസിസി തേടിയെത്തും. തലായി ഗോപാലപ്പേട്ട മത്സ്യബന്ധനതുറമുഖത്തിനും വിമാനത്താവളത്തിന്റെ പ്രയോജനമുണ്ടാവും. പ്രത്യേകിച്ച് സമുദ്രോൽപന്ന കയറ്റുമതിയിൽ. തലശേരിയും പരിസരങ്ങളിലുമുള്ള കശുവണ്ടി ഫാക്ടറികൾക്കും വിദേശവിപണിയിലേക്കുള്ള ഇടനാഴിയായി വിമാനത്താവളം മാറും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: