വിവാദ സിലബസ് തയ്യാറാക്കിയ അധ്യാപകൻ പുതിയ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ

ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരണം ചട്ടങ്ങൾ ലംഘിച്ച്

പ്രത്യേക അജണ്ടയുടെ ഭാഗമായുള്ള തീരുമാനം: കെ.എസ്‌.യു

കണ്ണൂർ സർവകലാശാലയിൽ എം.എ ഗവർണൻസ് ആൻഡ് പൊളിറ്റിക്സ് സിലബസിൽ ആർ.എസ്.എസ് അജണ്ടയുടെ ഭാഗമായി സംഘപരിവാർ നേതാക്കളുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ വിവാദ സിലബസ് തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയ കമ്മിറ്റി കൺവീനർ കൂടിയായ ഡോ: സുധീഷ് കെ.എമ്മിനെ പൊളിറ്റിക്കൽ സയൻസ് (കമ്പയിൻഡ്) ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സൺ ആക്കിക്കൊണ്ട് സിൻഡിക്കേറ്റ് തീരുമാനം.

ഇടത് സിൻഡിക്കേറ്റിന്റെ പ്രത്യേക അജണ്ടയുടെ ഭാഗമായുള്ള തീരുമാനമാണിതെന്നും
വഴിവിട്ട രീതിയിലാണ് യൂണിവേഴ്സിറ്റി നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപറത്തിയുള്ള ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചതെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സർവ്വകലാശാല സ്റ്റാട്യൂടിൽ ചാപ്റ്റർ പതിമൂനിലെ വ്യവസ്ഥകളുടെയും 1996 ലെ കണ്ണൂർ സർവ്വകലാശാല ആക്ടിന്റേയും ലംഘനമാണ് ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരണത്തിൽ നടന്നിരിക്കുന്നത്.ഈ ചട്ടങ്ങൾ അനുസരിച്ച് ചാൻസിലർ കൂടിയായ ഗവർണറാണ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെയും ചെയർമാന്റെയും ലിസ്റ്റിന് അംഗീകാരം നൽകേണ്ടത്. എന്നാൽ ഇത് മറികടന്ന് സിൻഡിക്കേറ്റാണ് പുതിയ ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചത്.
മുൻ ഇടത് സിൻഡിക്കേറ്റുകളെല്ലാം ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചത് ചാൻസലറുടെ അംഗീകാരത്തോടെയായിരുന്നു.
അതോടൊപ്പം തന്നെ പുതുതായി രൂപീകരിച്ച എട്ട് ബോർഡ് ഓഫ് സ്റ്റഡീസിൽ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത പലരെയും നാമനിർദ്ദേശം ചെയ്തിരിക്കുകയാണെന്നും ഇലക്ട്രോണിക്സ് പഠന വിഷയത്തിൽ ബോർഡ് ഓഫ് സ്റ്റഡീസിൽ പതിനൊന്നിൽ എട്ട് പേരും മറ്റു വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണെന്നും സമാനമായ സ്ഥിതിയിലാണ് മറ്റു പല ബോർഡ് ഓഫ് സ്റ്റഡീസുകളും രൂപീകരിച്ചിട്ടുള്ളതെന്നും കെ.എസ്.യു ആരോപിച്ചു. അക്കാദമിക കലണ്ടർ പ്രകാരം ജൂലൈ ഒമ്പതിന് ആരംഭിക്കേണ്ട മൂന്നാം സെമസ്റ്റർ പിജി കോഴ്സിന്റെ ഭാഗമാണ് തലശ്ശേരി ബ്രണ്ണൻ കോളേജിലെ വിവാദമായ പി.ജി കോഴ്സും എന്നാൽ ഈ കോഴ്സിന് ആവശ്യമായ സിലബസ് തയ്യാറാക്കിയത് ക്ലാസ്സ് തുടങ്ങേണ്ട തീയതി പിന്നിട്ട് ഒന്നര മാസം കഴിഞ്ഞിട്ടാണെന്നും കെ. എസ്.യു ചൂണ്ടിക്കാട്ടി.

സംസ്ഥാന ജനറൽ സെക്രട്ടറി അതുൽ വി.കെ യും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

സ്വാതന്ത്ര സമരത്തെ ഒറ്റു കൊടുത്തവരുടെ പ്രേതങ്ങളും കണ്ണൂർ സർവ്വകലാശാലയിൽ വിഹരിക്കുന്നു: പി.മുഹമ്മദ്‌ ഷമ്മാസ്

സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നതിനുള്ള പാരിദോഷികങ്ങളാണ് ഇത്തരം നിയമനങ്ങൾ.
ഈ രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര സമരത്തെ ഒറ്റു കൊടുത്തവരുടെ പ്രേതങ്ങളും കണ്ണൂർ സർവ്വകലാശാലയിൽ വിഹരിക്കുകയാണ്.

ബ്രിട്ടീഷ്കാരന്റെ ഷൂ നക്കിയവരുടെ പിന്മുറക്കാരാണ് ഇടത് ഭരണമുള്ള കണ്ണൂർ സർവ്വകലാശാലയുടെ താക്കോൽ സ്ഥാനങ്ങളിലെന്നും
ചരിത്രം തിരുത്തി എഴുതാനുള്ള ഓട്ട മത്സരത്തിലെ ബാറ്റൺ ആർ.എസ്.എസ് സി.പി. എമ്മിന് കൈമാറിയിരിക്കുന്നു. അവരിപ്പോൾ കണ്ണൂർ സർവ്വകലാശാലയുടെ ട്രാക്കിലൂടെ ഓടുകയാണെന്നും മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു.
സംഘപരിവാർ അജണ്ട നടപ്പിലാക്കിയ അധ്യാപകനെതിരെ നടപടിയെടുക്കാൻ തയ്യാറാവണമെന്നും സർവ്വകലാശാലയുടെ മുഴുവൻ ചുമതലകളിൽ നിന്നും നീക്കണമെന്നും ഷമ്മാസ് ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: