ലോകത്തെ ആദ്യ കോവിഡ് ഓഡിറ്റഡ് പൊതുവിടം ആകാൻ പദ്ധതി ഒരുക്കി കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്

കല, ടൂറിസം രംഗങ്ങളിലെ പ്രശ്നങ്ങൾക്കു പരിഹാരം തേടാൻ സെമിനാർ

 

ആർക്കും സുരക്ഷിതരായി സന്ദർശിക്കാവുന്ന ലോകത്തെ ആദ്യത്തെ കോവിഡ് ഓഡിറ്റഡ് പൊതുവിടമാകാൻ ഒരുങ്ങുകയാണ് കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റസ് വില്ലേജ്. ഇതിനുള്ള പദ്ധതി നാളെ (സെപ്റ്റംബർ 15) വൈകിട്ട് ആറിന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോവളം എം.എൽ.എ. എം. വിൻസെന്റ് സംബന്ധിക്കും.

ടൂറിസം, കലാ മേഖലകൾ കോവിഡിന്റെ പശ്ചാത്തലത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാനും അവയ്ക്കു പരിഹാരങ്ങൾ തേടാനും ആ മേഖലകൾക്കു പുത്തൻ ഉണർവ്വേകാനുമായി ഇത്തരം കൂടുതൽ സാദ്ധ്യതകൾ വികസിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യാനുള്ള ആലോചനകളും ഇതിന്റെ ഭാഗമായി നടക്കും. ഈ വിഷയത്തിൽ നടത്തുന്ന സെമിനാറിൽ ടൂറിസം അഡീ. ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡോക്റ്റർമാരായ എസ്.എസ്. സന്തോഷ്, ജി. അജിത്, സാംസ്ക്കാരികരംഗത്തുനിന്നുള്ള മേതിൽ ദേവിക, ഗോപിനാഥ് മുതുകാട്, സരസ്വതി നാഗരാജൻ തുടങ്ങിയവർ പങ്കെടുക്കും.

ക്യാമ്പസാകെ കോവിഡ് ഓഡിറ്റ് നടത്തി കോവിഡ് മുക്തമാണെന്ന് ഉറപ്പാക്കി സുരക്ഷാക്രമീകരണങ്ങളോടെ സന്ദർശകരെ വരവേല്ക്കാൻ ക്രാഫ്റ്റ്സ് വില്ലേജിനെ സജ്ജമാക്കാനുള്ളതാണു പദ്ധതി. സന്ദർശകർക്കു ബാധകമാകുന്ന നിബന്ധനകളും ഇതിന്റെ ഭാഗമായി നിശ്ചയിക്കും. ക്രാഫ്റ്റ് വില്ലേജ് ജീവനക്കാർക്കും നിബന്ധനകൾ നടപ്പാക്കും.

വാക്സിനേഷൻ പൂർണ്ണതയിലേക്കു നീങ്ങുകയും കോവിഡ് ഒഴിഞ്ഞുപോയേക്കാമെന്ന പ്രതീക്ഷ ഉണരുകയും കോവിഡിനൊപ്പം ജീവിക്കാൻ മനുഷ്യർ സന്നദ്ധരാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ്. ടൂറിസം രംഗത്തിനു ബാധകമായതും പൊതുവിൽ ഉള്ളതുമായ സർക്കാരിന്റെ അതതു സമയത്തെ കോവിഡ് പ്രോട്ടോക്കോളുകൾക്ക് അനുസരിച്ചാണ് ഓഡിറ്റിങ്ങും സുരക്ഷാക്രമീകരണങ്ങളും നടപ്പാക്കുന്നത്.

നിപ്പയെ ആദ്യം തിരിച്ചറിഞ്ഞതിലൂടെ ശ്രദ്ധേയനായ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ.എ.എസ് അനൂപ് കുമാർ, യുദ്ധഭൂമികളിൽ സേവനത്തിനായി പോകുകയും മഹാരാഷ്ട്രയിലെയും കാസർകോട്ടെയും കോവിഡ് നിയന്ത്രണയത്നങ്ങൾക്കു നേതൃത്വം കൊടുക്കുകയും ചെയ്ത അനുഭവസമ്പത്തുള്ള തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാർ, ചിത്രകാരനും സാംസ്കാരികസംഘാടകനുമായ ഡോ. ജി. അജിത്, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെസ്റ്റിങ് ലാബായ കോഴിക്കോട് മാറ്റർ ലാബിന്റെ അസി. ജനറൽ മാനേജർ ഫ്രെഡി സോമൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പദ്ധതി ആവിഷ്ക്കരിക്കുന്നത്. 

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: