വരും തലമുറയ്ക്ക് കൈമാറേണ്ടതാണെന്ന ബോധ്യത്തോടെ ജലസ്രോതസുകള്‍ ഉപയോഗിക്കണം: മുഖ്യമന്ത്രി

2 / 100 SEO Score

ധര്‍മ്മടം മണ്ഡലത്തിലെ നവീകരിച്ച കുളങ്ങള്‍ നാടിന് സമര്‍പ്പിച്ചു 
നമ്മള്‍ക്ക് ഉപയോഗിക്കാന്‍ മാത്രമല്ല ജലസ്രോതസുകള്‍, വരും തലമുറയ്ക്ക് കൈമാറാനുള്ളതാണ്. അത്തരം ബോധ്യത്തോടെയാവണം എല്ലാ ജല സ്രോതസുകളും നാം ഉപയോഗിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടം മണ്ഡലത്തിലെ നവീകരിച്ച കുളങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ നിര്‍മ്മിച്ച കുളങ്ങള്‍ നാളെയും ഇതുപോലെ നിലനില്‍ക്കണം. ഇതിന് നാടിന്റെയും നാട്ടുകാരുടെയും സഹകരണം ആവശ്യമാണ്. അതിനാണ് ജനകീയ സമിതികള്‍ രൂപീകരിക്കുന്നത്. കുളവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ നവീകരണം പൂര്‍ത്തിയായ മൂന്ന് കുളങ്ങളും പഴക്കമുള്ളതും ചെളി നിറഞ്ഞതുമായിരുന്നു. അവയുടെ പാര്‍ശ്വഭിത്തികളും തകര്‍ന്നിരുന്നു. അവ മോടി പിടിപ്പിച്ച് തുടര്‍ സംരക്ഷണവും ഉറപ്പുവരുത്തിയിട്ടുണ്ട്. നേരത്തെ മണ്ഡലത്തിലെ ആറ് കുളങ്ങള്‍ നവീകരിച്ചിരുന്നു. 40 കുളങ്ങളുടെയും തോടുകളുടെയും പുനര്‍നിര്‍മ്മാണ പ്രവൃത്തി നടന്നുവരികയാണ്. നമ്മുടെ കാര്‍ഷിക മേഖലയ്ക്കും ഭൂഗര്‍ഭ ജലത്തിന്റെ നിലനില്‍പ്പിനും നീന്തല്‍ പരിശീലനത്തിനുമൊക്കെ ഇവ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ എം എല്‍ എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പിണറായി ഒതയോത്ത് കുളം, മുഴപ്പിലങ്ങാട് കുളംബസാര്‍ കുളം (ധര്‍മ്മക്കുളം), പിണറായി ചിറയില്‍ കുളം എന്നിവയുടെ നവീകരണം പൂര്‍ത്തിയാക്കിയത്. പിണറായി ഒതയോത്ത് കുളം 51.10 ലക്ഷം രൂപ ചെലവിലും പിണറായി ചിറയില്‍ കുളം 34.75 ലക്ഷം രൂപ ചെലവിലും മുഴപ്പിലങ്ങാട് കുളംബസാര്‍ കുളം 18 ലക്ഷം രൂപ ചെലവിലുമാണ് നവീകരിച്ചത്. അടുത്തുള്ള വയലുകളിലേക്ക് കൃഷിയാവശ്യത്തിന് വെള്ളം എടുക്കാനുള്ള സൗകര്യവും ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ പദ്ധതികളിലുള്‍പ്പെടുത്തി 40 ഓളം കുളങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികളാണ് മണ്ഡലത്തില്‍ നടന്നുവരുന്നത്. സര്‍ക്കാരിന്റെ സംരക്ഷണത്തിലുള്ള ജല സ്രോതസുകള്‍ കൂടാതെ സ്വകാര്യ-ക്ഷേത്രക്കുളങ്ങളും തോടുകളും നവീകരിക്കുന്നുണ്ട്.
ഒതയോത്ത് കുളം പരിസരത്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി കെ ഗീതമ്മ (പിണറായി), എം പി ഹാബിസ് (മുഴപ്പിലങ്ങാട്), മറ്റ് ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: