മുഴപ്പിലങ്ങാട് ഗവ. എല്‍ പി സ്‌കൂള്‍ ബസ് മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

2 / 100

മുഴപ്പിലങ്ങാട് ഗവ. എല്‍ പി സ്‌കൂളിന് പുതുതായി അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയാന്‍ 90 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ലാസ് റൂം ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ലാപ്‌ടോപ്പ്, പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കിയിരുന്നു. സയന്‍സ് പഠനം മെച്ചപ്പെടുത്താന്‍ സയന്‍സ് കിറ്റും ലഭ്യമാക്കിയിട്ടുണ്ട്. ഘട്ടംഘട്ടമായി സ്‌കൂളിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും. സാധാരണക്കാരുടെ മക്കള്‍ ധാരാളമായി ആശ്രയിക്കുന്ന സ്‌കൂളാണിത്. അതിനെ മികവുറ്റ ഒന്നാക്കി മാറ്റുക എന്നത് പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് 14.8 ലക്ഷം രൂപ ഉപയോഗിച്ചാണ് മുഴപ്പിലങ്ങാട് ഗവ. എല്‍പി സ്‌കൂളിന് ബസ് അനുവദിച്ചത്. ബസ് സര്‍വീസ് ആരംഭിക്കുന്നതോടെ ദൂരസ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികളുടെ യാത്രാപ്രശ്‌നത്തിന് പരിഹാരമാകും. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപയുടെ പ്രവൃത്തി ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ഇതിന് പുറമെ ക്ലാസ്മുറി, സ്റ്റേജ്, നിലം പ്രവൃത്തി എന്നിവയ്ക്കായി എസ്എസ്എ 9.5 ലക്ഷം രൂപയും, പ്ലേ ഫോര്‍ ഹെല്‍ത്ത് കായിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കായിക- യുവജന കാര്യാലയം അഞ്ച് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങില്‍ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ഹാബിസ് അധ്യക്ഷനായി. ഐഒസി പ്രതിനിധി വി സി അശോകന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സിന്ധു, പ്രധാനധ്യാപിക എം പി ധന്യാറാം, റിട്ട. ഹെഡ്മാസ്റ്റര്‍ പി വി മണികണ്ഠന്‍, പിടിഎ പ്രസിഡണ്ട് പി മൊയ്തു, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: