മലബാര്‍ കാന്‍സര്‍ സെന്ററിനെ രാജ്യാന്തര തലത്തിലേക്കുയര്‍ത്തും: മുഖ്യമന്ത്രി

2 / 100 SEO Score


പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് ഉള്‍പ്പെടെ പണി പൂര്‍ത്തീകരിച്ച 50 കോടിയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു 

മലബാര്‍ കാന്‍സര്‍ സെന്ററിനെ രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന സ്ഥാപനമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  114 കോടിയുടെ മലബാര്‍ കാന്‍സര്‍ സെന്റര്‍ പിജി ഇന്‍സ്റ്റ്യൂട്ട് വികസന പദ്ധതിയുടെയും പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് ഉള്‍പ്പെടെ 50 കോടിയുടെ പൂര്‍ത്തീകരിച്ച പദ്ധതികളുടെയും  ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുതിര്‍ന്നവരിലെന്ന പോലെ കുട്ടികളില്‍ കാന്‍സര്‍ ചികിത്സ നടത്താനാകില്ല. ചികിത്സയുടെ ഭാഗമായി സ്വന്തം വീടിന്റെ അന്തരീക്ഷത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുന്നത് കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ മാനസികവും ശാരീരികവുമായി  തളര്‍ത്തും. അസുഖം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ചില കുട്ടികള്‍ക്ക് പിന്നീട് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടാണ് കുട്ടികളുടെ ചികിത്സയ്ക്കായി മാത്രം പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് സജ്ജീകരിച്ചിട്ടുള്ളതെന്ന്  മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ക്കായി പ്രത്യേക കീമോതെറാപ്പി വാര്‍ഡ്, ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു, കളിസ്ഥലം, സിനിമ തിയറ്റര്‍,  ഗ്രന്ഥശാല എന്നിവയടക്കം പൂര്‍ണമായും ശിശു സൗഹൃദ രീതിയിലാണ് ഇത്  രൂപകല്‍പ്പന   ചെയ്തിരിക്കുന്നതെന്നും   ചികിത്സക്കെത്തുന്ന കുട്ടികള്‍ക്ക്  എല്ലാ തരത്തിലുളള മാനസികോല്ലാസവും പ്രധാനം ചെയ്യാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലബാര്‍ കാന്‍സര്‍ സെന്ററിനെ  രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന പോസ്റ്റ് ഗ്രാജുവേറ്റ്  ഇന്‍സ്റ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍  എന്ന നിലയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഡി എന്‍ ബി സര്‍ജിക്കല്‍ ഓങ്കോളജി,  ഡി എന്‍ ബി ഓങ്കോപാത്തോളജി എന്നീ കോഴ്‌സുകളിലായി ആയി ആറോളം വിദ്യാര്‍ഥികള്‍ പഠനം, നടത്തിവരുന്നുണ്ട്. കൂടാതെ ഡിഎം ഒങ്കോപത്തോളജി, ഡി എന്‍ ബി  റേഡിയേഷന്‍ ഓങ്കോളജി എന്നീ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്.  50 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച പീഡിയാട്രിക് ഹെമറ്റോളജി ഓങ്കോളജി ബ്ലോക്ക്, ന്യൂക്ലിയര്‍ മെഡിസിന്‍ ബ്ലോക്ക്, ലബോറട്ടറി ബ്ലോക്ക്, കാത്ത്‌ലാബ് യൂണിറ്റ്, 64 സ്ലൈസ് സി ടി സ്‌കാനര്‍, സ്‌പെക്ട് സി ടി സ്‌കാനര്‍, വിപുലീകരിച്ച കാന്റീന്‍ തുടങ്ങിയവയുടെ ഉദ്ഘാടനവും കൂടാതെ കിഫ്ബി ഒന്നാം ഘട്ട പദ്ധതിയിലുള്‍പ്പെടുത്തി 81. 69 കോടിയുടെ റേഡിയോതെറാപ്പി ബ്ലോക്കിന്റെ വിപുലീകരണം,  ഒ  പി ബ്ലോക്ക് നവീകരണം 32 കോടി ചെലവുവരുന്ന സ്റ്റുഡന്‍സ് ഹോസ്റ്റലിന്റെ തറക്കല്ലിടല്‍ കര്‍മ്മം എന്നിവയുമാണ് നടന്നത്.
മലബാര്‍ കാന്‍സര്‍ സെന്റര്‍ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ആയി ഉയരുന്നതോടെ ഏകദേശം 1500 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പഠിക്കാന്‍ സാധിക്കും. കൂടാതെ രാജ്യാന്തര തലത്തിലുള്ള മികച്ച സ്ഥാപനമായി എം സി സി ഉയരും. പ്രതിവര്‍ഷം 6500 രോഗികള്‍ ആണ് ഇവിടെ പുതുതായി എത്തുന്നത്. ഏകദേശം 77500 ഓളം പേര്‍ തുടര്‍ ചികിത്സയ്ക്കായും മലബാര്‍ കാന്‍സര്‍ സെന്ററിനെ ആശ്രയിക്കുന്നുണ്ട്.  സര്‍ക്കാര്‍ മേഖലയില്‍ കുട്ടികളുടെ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്ന ഏക സ്ഥാപനമെന്ന പ്രത്യേകതയും മലബാര്‍ കാന്‍സര്‍ സെന്ററിനുണ്ട്.
ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയായി.  എ എന്‍  ഷംസീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍,  വാര്‍ഡ് കൗണ്‍സിലര്‍ കെ ഇ ഗംഗാധരന്‍, എംസിസി ഡയറക്ടര്‍ സതീശന്‍ ബാലസുബ്രഹ്മണ്യന്‍, ഡോ. സംഗീത കെ നായനാര്‍, എ കെ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: