പോരാട്ട ചൂടില്‍ പാലാ; എല്‍ഡിഎഫും യുഡിഎഫും വാഹനപ്രചാരണം തുടങ്ങി

പാലായില്‍ എല്‍ഡിഎഫും യുഡിഎഫും വാഹനപ്രചാരണം തുടങ്ങി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍റെ വാഹന പ്രചാരണം മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു. നിഷാ ജോസ്.കെ മാണിയെ ഒഴിവാക്കാന്‍ പി.ജെ.ജോസഫും കോണ്‍ഗ്രസും ഗൂഡാലോചന നടത്തിയെന്ന് മന്ത്രി എം.എം.മണി ആരോപിച്ചു. സീറ്റ് നിര്‍ണയത്തിലെ കേരള കോണ്‍ഗ്രസ് നിലപാട് ജനാധിപത്യപരമല്ലെന്നും മണി വിമര്‍ശിച്ചു.
പാലാ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് നേതൃയോഗം ഇന്നു ചേരും. രാത്രി എട്ടുമണിക്ക് പാലായില്‍ ചേരുന്ന യോഗത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫും പങ്കെടുക്കും. കേരള കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളെ തുടര്‍ന്ന് ഉടലെടുത്ത ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. അവസാന ഘട്ട പ്രചാരണത്തിനും രൂപം നല്‍കും.
പാലായില്‍ യുഡിഫ് ഒറ്റക്കെട്ടാണെന്ന് കോണ്‍ഗ്രസ്‌ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടും. കേരളത്തില്‍ എല്‍ഡിഎഫിനു പറയാന്‍ ഭരണ നേട്ടങ്ങളില്ലെന്നും യുഡിഫിലെ തര്‍ക്കങ്ങളെ കുറിച്ച്‌ മാത്രമാണ് ഇടതു മുന്നണിക്ക് പറയാനുള്ളതെന്നും ഉമ്മന്‍‌ചാണ്ടി വിമര്‍ശിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ വാഹനപ്രചാരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന പാലാ ഉപതിരഞ്ഞെടുപ്പില്‍ ചലനം ഉണ്ടാക്കില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. കഴിഞ്ഞ നാല്‍പതു വര്‍ഷത്തില്‍ അധികമായി പാലായിലെ രാഷ്ട്രീയ രംഗത്ത് സജീവമായിട്ടുള്ള നേതാവാണ് ജോസ് ടോം. സാധാരണക്കാരില്‍ സാധാരണക്കാരനായ ജോസ് ടോമിനെ പാലായിലെ ജങ്ങള്‍ക്ക് അറിയാമെന്നും ജോസ് കെ മാണി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: